കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ വാഹന മോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതരുടെ മുന്നറിയിപ്പ്. മോശം കാലാവസ്ഥയിൽ ഉണ്ടാകാനിടയുള്ള അപകടസാധ്യത മുന്നിൽ കണ്ടാണ് ആഭ്യന്തരമന്ത്രാലയത്തിലെ പബ്‌ളിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

ഓടിച്ചുതുടങ്ങും മുമ്പ് വാഹനത്തിന്റെ ടയർ മർദം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. മഴ പെയ്തുകൊണ്ടിരിക്കെ വാഹനം ഓടിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണം. മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണം. വാഹനം നിർത്തിയതിനു ശേഷമല്ലാതെ പാർക്കിങ് ലൈറ്റ് പ്രവർത്തിപ്പിക്കരുത്. റോഡിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിൽ പരമാവധി വേഗത കുറക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കരുതെന്നും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ 112 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

നവംബർ 1 മുതൽ ഏഴ് വരെയുള്ള ആഴ്ച റിപ്പോർട്ടിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 2065 വാഹനങ്ങളും 44 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തതായി ജനറൽ ട്രാഫിക്ക് വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 95പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. റെഡ് ലൈറ്റ് അവഗണിക്കുക, അമിതവേഗത, ലൈസൻസില്ലാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്.

10 പ്രവാസികളെ നിയമലംഘനങ്ങളുടെ പേരിൽ നാടുകടത്താനായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.