കുവൈറ്റ്: കുവൈറ്റിലെ മലയാളികൾ ഉൾപ്പെട്ട സർക്കാർ ഡോക്ടർമാരുടെ മക്കൾക്ക് ഇനി സൗജന്യ വിദ്യാഭ്യാസം. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്ന പ്രവാസി ഡോക്ടർമാരുടെ മക്കൾക്ക് സർക്കാർ ചെലവിൽ പഠന സൗകര്യം ഒരുക്കിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയം.

പ്രവാസി ഡോക്ടർമാരുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനാണ് ഈ ആനുകൂല്യം നൽകിയത്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചു. അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കും.

സർക്കാർ ആശുപത്രികളിലെ പ്രവാസി ഡോക്ടർമാർ കൂടുതൽ വേതനം നേടിയെടുക്കാൻ കുവൈറ്റ് നിന്ന് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്. ഇത് ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. ഇതിനെ ചെറുക്കാനാണ് ഡോക്ടർമാരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കുന്നത്.

ഒരു സ്‌കൂളിൽ 250 വിദ്യാർത്ഥികൾ എന്ന കണക്കിൽ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ പ്രവാസി ഡോക്ടർമാർമാരുടെ മക്കൾക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം ആകും ഓരോ വിദ്യാർത്ഥിയും ഏതു സ്‌കൂളിലാണ് പ്രവേശിപ്പിക്കേണ്ടത് എന്ന് നിശ്ചിയിക്കുന്നത്.