സ്വദേശി വിദേശി അനുപാതം ഏർപ്പെടുത്തതാൻ ആലോചിക്കുന്ന കുവൈത്ത് രാജ്യത്തെ സർക്കാർ മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദേശികളെ ഒന്ന് രണ്ടും കാറ്റഗറികളിൽ നിന്നും കുറയ്ക്കാനാണ് പദ്ധതി.

സ്വദേശികളിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ മാത്രം സർക്കാർ ജോലിക്ക് വിദേശികളെ പരിഗണിച്ചാൽ മതിയെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. ജീവനക്കാർക്ക് ഓവർടൈം അനുവദിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും.

തൊഴിൽരഹിതരായ പൗരന്മാർക്ക് കൂടുതൽ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സർക്കാർ മേഖലയിൽ തൊഴിൽ പരിഷ്‌കരണം നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. മന്ത്രാലയത്തിലെ ഭരണകാര്യ വിഭാഗം മേധാവി ശൈഖ അൽഅദ്വാനിയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ മേഖലയിലെ വിദേശികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനാണ് മന്ത്രാലയം ഊന്നൽ നല്കുന്നത്.

സർക്കാർ മേഖലയിലെ ചില തസ്തികകളിലേക്ക് വിദേശികളെ പുതുതായി നിയമിക്കില്ല. യോഗ്യരായ സ്വദേശികൾ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമാകും ഇത്തരം തസ്തികകളിൽ വിദേശികളെ പരിഗണിക്കുക. നിലവിലുള്ള വിദേശികളുടെ സർവീസ് കാലം ചുരുക്കുന്നത് സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ട്. തീരുമാനം നടപ്പാക്കുന്നതിന് മുൻപ്
നിലവിലെ സർക്കാർ ജീവനക്കാരുടെ എണ്ണവും തസ്തികയും യോഗ്യതകളും കൃത്യമായി പരിശോധിക്കുമെന്നും ശൈഖ അൽഅദ്വാനി കൂട്ടിചേർത്തു. സർക്കാർ ജീവനക്കാർക്ക് ഓവർ ടൈം അനുവദിക്കുന്നതിലും നിയന്ത്രണം
വരും.

രജിസ്റ്റർ ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് സാധാരണ പ്രവൃത്തി സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കാത്ത തരത്തിൽ അധിക ജോലി ഉണ്ടെന്നു പരിശോധനയിൽ ബോധ്യപ്പെട്ടാൽ മാത്രമേ ഓവർ ടൈം അനുവദിക്കുകയുള്ളൂ. പല പേരുകളിൽ സർക്കാർ ജീവനക്കാർക്ക് നല്കി വന്നിരുന്ന അലവൻസുകൾ പുനഃപരിശോധിക്കാനും തൊഴിൽ മന്ത്രി ഹിന്ദ് അല സബീഹ് നിർദ്ദേശം നല്കിയതായി ശൈഖ അൽഅദ്വാനി കൂട്ടിച്ചേർത്തു.