കൊച്ചി: കുവൈത്തിലേക്ക് മനുഷ്യക്കടത്തു നടത്തുന്ന റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി. നിരവധി യുവതികളെ കുവൈത്തിൽ എത്തിച്ചു അടിമപ്പണി ചെയ്യിക്കുന്നു എന്ന സൂചനകളാണ് പുറത്തുവന്നത്. ഇവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ 2 യുവതികളെക്കൂടി അന്വേഷണ സംഘം കണ്ടെത്തി ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തും.

ദേശീയ അന്വേഷണ ഏജൻസിയും സംഭവം അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചും കേസിൽ വിശദ റിപ്പോർട്ട് തയാറാക്കി ആഭ്യന്തരവകുപ്പിനു കൈമാറും. സൗജന്യ വീസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്താണു പ്രതികൾ യുവതികളെ കബളിപ്പിച്ചത്. കേസിലെ മുഖ്യസൂത്രധാരൻ മജീദ് (ഗസ്സലി), അജുമോൻ എന്നിവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവരുടെ കൂട്ടാളികളായ രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടികളെ പരിചരിക്കാനെന്ന വ്യാജേന 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു യുവതികളെ കുവൈത്തിലെത്തിച്ച് അടിമകളായി വിൽപന നടത്തിയത്. എതിർത്തവരെ സിറിയയിലെ ഐഎസ് ക്യാംപിലെത്തിച്ചും വിൽപന നടത്തി. കുവൈത്തിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഇടപെട്ടു രക്ഷപ്പെടുത്തിയ പശ്ചിമകൊച്ചി സ്വദേശിനിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു പ്രാഥമിക അന്വേഷണം.

അടിമക്കച്ചവടത്തിനു വഴങ്ങാത്തവരെ സിറിയയിലേക്കു കടത്തുന്നതായാണു രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതിയുടെ മൊഴി. എന്നാൽ സംഭവത്തെ കുറിച്ചു വ്യക്തമായ അറിവില്ലെന്നാണ് ഇന്ത്യൻ എംബസിയുടെ ആദ്യപ്രതികരണം. എൻഐഎ അന്വേഷിക്കുന്ന മറ്റ് ഐഎസ് റിക്രൂട്‌മെന്റ് കേസുകളിൽ നിന്നു വ്യത്യസ്തമാണ് ഈ കേസ്.

എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്‌മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ മനുഷ്യക്കടത്ത് റാക്കറ്റ് സിറിയയിലേക്കു കടത്തിയെന്ന സംശയം ഉയർന്നിരുന്നു. സാധാരണ നടക്കുന്ന മനുഷ്യക്കടത്തല്ല, അടിമക്കച്ചവടം തന്നെയാണു പ്രതികൾ വിദേശത്തു ചെയ്യുന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കെണിയിൽ അകപ്പെട്ടു രക്ഷപ്പെട്ടു തിരികെയെത്തിയ യുവതിയിൽ നിന്നു കേന്ദ്ര ഏജൻസികൾ കൂടുതൽ വിവരം ശേഖരിക്കും.

യുവതിയുടെ പരാതി പൊലീസിനു ലഭിച്ചിട്ടും വിവരം ദേശീയ അന്വേഷണ ഏജൻസിക്കു ലഭിക്കാനുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മെയ്‌ 18നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷവും ഒരു തവണ മജീദ് എറണാകുളത്ത് എത്തിയതായും രണ്ടു ദിവസത്തിനു ശേഷം കുവൈത്തിലേക്കു മടങ്ങിയതായും സൂചനയുണ്ട്.