ഫൈഹ: കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലാമത് ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോൺഫറൻസ് (ഇസ്‌കോൺ 2015) നവംബറിൽ സംഘടിപ്പിക്കാൻ ഫൈഹയിൽ ചേർന്ന പ്രവർത്തക സമിതി തീരുമാനിച്ചതായി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. നവംബർ ആറ്, ഏഴ് തിയതികളിൽ  കുവൈത്ത് സിറ്റിയിലെ മസ്ജിദുൽ കബീറിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുവൈത്തിലെ കൗമാര പ്രായക്കാരായ വിദ്യാർത്ഥികൾക്കായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സംഘടിപ്പിച്ച ഇസ്‌കോണിന്റെ തുടർച്ചയായാണ് ഈ വർഷവും സംഘടിപ്പിക്കുന്നത്.

ഇളം തലമുറക്ക് അർഥവത്തായ ജീവിത വീക്ഷണം നല്കാനും മൂല്യാധിഷ്ഠിതമായ വ്യക്തിത്വ വികാസത്തിന്  വഴിയൊരുക്കാനുമായി നടത്തുന്ന ശില്പശാല, ചെറിയ കുട്ടികൾക്ക് കളിച്ചങ്ങാടം, രക്ഷിതാക്കൾക്ക് പാരന്റിങ്, പൊതു സമ്മേളനം തുടങ്ങി വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടികളിൽ ഇന്ത്യയിലെയും കുവൈത്തിലെയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതന്മാരും പങ്കെടുക്കുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 97557018, 99392791, 23915217, 24342948 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.