ലയാളികൾ തിങ്ങി പാർക്കുന്ന കുവൈത്തിലെ ജെലീബ് മേഖല കേന്ദ്രീകരിച്ചു ഇന്ന് നടന്ന പൊലീസ് പരിശോധനയിൽ 3338 വിദേശികൾ പിടിയിലായി. പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സായുധസേനയുടെ സഹായത്തോടെ പരിശോധന നടന്നത്. പിടിയിലായവരിൽ നൂറുകണക്കിന് മലയാളികൾ ഉൾപ്പെട്ടതായി സൂചനയുണ്ട്.

ബുധനാഴ്ച പുലർച്ചെ നാലുമണി മുതൽ ആരംഭിച്ച റെയ്ഡ് ഉച്ച വരെ തുടർന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജെനറൽ സുലൈമാൻ അൽ ഫഹദിനറെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധനാ കാമ്പയിൻ. സർവ്വ സന്നാഹങ്ങളുമായി എത്തിയ പൊലീസ് സംഘത്തോടൊപ്പം 1700 അംഗ ദ്രുതകർമസേനയും മുനിസിപ്പാലിറ്റി വാണിജ്യ മന്ത്രാലയം തൊഴിൽ വകുപ്പ് ജലം, വൈദ്യുതി മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ മദ്യവില്പന ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ജെലീബ് മേഖല കേന്ദ്രീകരിച്ചു അധികൃതർ കാമ്പയിന് തുടക്കമിട്ടത്. സംശയമുള്ള സ്ഥലങ്ങളിൽ വീടുകയറി പരിശോധിക്കാനുള്ള അനുമതിയോടെ യായിരുന്നു റെയിഡ്. ചില ഫ്‌ളാറ്റുകളിൽ വാതിൽ തകർത്താണ് പൊലീസ് പരിശോധനക്കായി കയറിയതെന്നു ദൃക്ഷാക്ഷികൾ പറഞ്ഞു.

മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 3338 വിദേശികൾ പിടിയിലായി ഇവരിലേറെയും ഇക്കാമ ഇല്ലാത്തവരും കാലാവധി തീർന്നവരും ഗാർഹിക വിസയിലുള്ളവരും ആണ്. അബ്‌സ്‌കൊണ്ടിങ് കേസിൽ ഉൾപ്പെട്ടവരും പിടികിട്ടാപ്പുള്ളികളും കൂട്ടത്തിലുണ്ട്. പിടിയിലായവരെ ജലീബിലെ ഒരു സ്‌കൂൾ കെട്ടിടത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇക്കൂട്ടത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി മലയാളികൾ ഉണ്ടെന്നാണ് വിവരം.

20 അനധികൃത കച്ചവട സ്ഥാപനങ്ങളും അഞ്ച് മദ്യനിർമ്മാണ ശാലകളും പൊലീസ് കണ്ടെത്തി സീൽ ചെയ്തു. കാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനരീതിയിൽ പഴുതടച്ച പരിശോധനകൾ ഉണ്ടാകുമെന്നാണ് സുരക്ഷാവൃത്തങ്ങൾ നൽകുന്ന സൂചന.

ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ(25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ