കുവൈത്തിൽ അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിനുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ പഴം പച്ചക്കറി വിപണന കേന്ദ്രമായ സുലൈബിയ മാർക്കറ്റിൽ നടന്ന മിന്നൽ പരിശോധനയിൽ അനധികൃത താമസമുൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തിയ 1272 പേർ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സ്‌പോൺസർമാറി ജോലിചെയ്ത 403 പേർ, ഇഖാമകാലാവധി തീർന്ന 258 പേർ, തൊഴിൽ നിയമം ലംഘിച്ച 70 പേർ, ഒളിച്ചോട്ടത്തിന് കേസുള്ള 33 പേർ, സിവിൽ കേസിലുൾപ്പെട്ട മൂന്ന് പേർ, വിവിധ കുറ്റങ്ങളിൽ പിടികിട്ടാപുള്ളികളായി കഴിഞ്ഞുവന്ന മൂന്ന് പേർ എന്നിങ്ങനെയാണ് പിടിയിലായത്. പൊതുസുരക്ഷാവിഭാഗം മേധാവി മേജർ ജെനറൽ അബ്ദുൽ ഫതാഹ് അലിയുടെ. നേതൃത്വത്തിലായിരുന്നു പരിശോധന.

ഇന്ത്യക്കാരുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായവരിൽ കൂടുതലുമെന്നാണ് സൂചന. ഇന്നലെ ബിനീദ് അൽ ഘറിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 3781 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ രേഖകൾ ഹാജരാക്കിയ 1000 ത്തോളം ആളുകളെ ഇന്ന് വിട്ടയച്ചു. അതിന് മുമ്പ് ജലീബ്, അർദിയ വ്യവസായ മേഖല എന്നിവിടങ്ങളിൽ നടന്ന റെയ്ഡുകളിലും നിരവധിപേർ പിടിയിലായിരുന്നു. രാജ്യത്തെ താമസ നിയമങ്ങൾ പാലിക്കാൻ വിദേശികൾ ജാഗ്രത കാണിക്കണമെന്നും കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഇഖാമ പുതുക്കാൻ മുന്നോട്ട് വരണമെന്നും ആഭ്യന്തര വകുപ്പ്
ഓർമ്മിപ്പിച്ചു. താമസരേഖകൾ ഇല്ലാത്തവർക്കും മറ്റു നിയമലംഘകർക്കും അഭയം നൽകരുതെന്നും മുന്നറിയിപ്പുണ്ട്. സമാനമായ പരിശോധനകൾ ഉടൻതന്നെ മറ്റിടങ്ങളിലും ഉണ്ടാവുമെന്ന സൂചനയാണ് സുരക്ഷാ വൃത്തങ്ങളെ നൽകുന്നത്.