ന്യൂഡൽഹി: കുവൈറ്റിൽ പ്രവർത്തിക്കുന്ന മൂന്നൂറോളം ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയ ഇന്ത്യൻ എംബസിയുടെ നടപടിയിൽ പ്രതിഷേധം ശക്തം. വർഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ കാരണംകൂടാതെയാണ് എംബസി ഒഴിവാക്കിയിരിക്കുന്നത്. പ്രവാസികൾക്ക് ഏറെ താങ്ങും തണലുമായ സംഘടനകൾക്കാണ് രജിസ്‌ട്രേഷൻ നഷ്ടമാകുന്നത്. ഇത് മൂലം വലയരുന്നത് പ്രവാസികളാണ്. പ്രവാസികളുടെ പണം കൊണ്ട് ഇന്ത്യൻ സംബദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. കേരളമടക്കമുള്ള സംസ്ഥ്‌നങ്ങൾക്ക് കരുത്തും പ്രവാസികളുടെ പണമാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും പ്രവാസികളെ കഷ്ടതയിലാക്കുന്ന തരത്തിലാണ് കുവൈറ്റ് എംബസിയുടെ ഇടപെടൽ.

രജിസ്‌ട്രേഷൻ റദ്ദ് ചെയ്ത സംഘടനകൾക്കെല്ലാം മൂന്ന് വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റുകളുണ്ട്. ഇന്ത്യൻ എംബസികളുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇന്ത്യക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കുവൈത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനകളുടെ പേരുകൾ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് നീക്കംചെയ്തിരിക്കുകയാണ്. ഇങ്ങനെ പേരുകൾ നീക്കിയതിന് കാരണങ്ങളൊന്നും എംബസി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടില്ല. ഇതു മൂലം ഈ സംഘടനകൾക്ക് പ്രവർത്തിക്കാനാവാത്ത സ്ഥിതി വരും. കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോലും നാട്ടിലെത്തിക്കാൻ ഈ സംഘടനകളാണ് പ്രവാസികൾക്ക് താങ്ങും തണലുമാകുന്നത്. ഇവിടെയെല്ലാം എംബസി നോക്കു കുത്തിയാകാറാണ് പതിവ്. പല സേവനത്തിനും കൈക്കൂലിയും കൊടുക്കണം.

ഇങ്ങനെ കൈക്കൂലി വാങ്ങാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സംഘടനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കലെന്ന ആക്ഷേപം സജീവമാണ്. പേരുകൾ നീക്കിയതെന്തുകൊണ്ടെന്ന് രേഖാമൂലം ചോദിച്ചെങ്കിലും എംബസി ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടില്ലെന്ന് ഫിറ കൺവീനർ ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ഡാർവിൻ പിറവം എന്നിവർ പറയുന്നു. വീണ്ടും രജിസ്റ്റർചെയ്യാനും അനുമതി നൽകുന്നില്ല. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് വിവധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എംബസി തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ കൂട്ടായ്മയായ 'ഫിറ'യുടെ ഭാരവാഹികൾ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, എംപി.മാരായ ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർക്ക് നിവേദനം നൽകി.

വർഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകളുടെ രജിസ്ട്രേഷൻ കാരണംകൂടാതെയാണ് എംബസി ഒഴിവാക്കിയിരിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. രജിസ്‌ട്രേഷൻ ഇല്ലാതെ കുവൈറ്റിൽ സംഘടനകൾ പ്രവർത്തിക്കുന്നത് കുറ്റകരമാണ്. അതുകൊണ്ട് തന്നെ രജിസ്‌ട്രേഷൻ ഇല്ലാതെ ആർക്കും ഒരു സഹായവും ചെയ്യാൻ സംഘടനകൾക്ക് ആകില്ല. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്ന സംഘടനകളെ ഇല്ലാതാക്കാനാണ് എംബസി ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. മൃതദേഹം നാട്ടിൽ എത്തിക്കാൻ വരെ കമ്മീഷൻ വാങ്ങുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

നേരത്തെ കുവൈറ്റിൽ സംഘടനകളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച് ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സംഘടനകൾ കുവൈത്ത് തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നും പ്രവർത്തനങ്ങൾക്ക് എംബസിക്ക് നിയമപരമായി യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും എംബസി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം പ്രാദേശിക, ജില്ലാ, അലുംനി അസോസിയേഷനുകൾക്ക് എംബസി രജിസ്‌ട്രേഷൻ അനുവദിക്കില്ല. എംബസി രജിസ്‌ട്രേഷനുവേണ്ടി അപേക്ഷിക്കുന്ന സംഘടനകൾ ചുരുങ്ങിയത് രണ്ടുവർഷം പ്രവർത്തിക്കുന്നവരും മറ്റു സംഘടനകളിൽ അംഗമല്ലാത്ത 500 അംഗങ്ങൾ ഉള്ളതുമായിരിക്കണം. ഫണ്ട് പിരിവ് പോലുള്ള നിയമ വിരുദ്ധ പ്രവരത്തനങ്ങൾ നടത്തുന്നതിൽ എംബസിക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

സംഘടനകളുടെ റെജിസ്‌ട്രേഷൻ അവരുടെ സാന്നിധ്യത്തിനുള്ള അനുമതി മാത്രമാണെന്നും പ്രവർത്തനങ്ങളിൽ എംബസിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും പുതിയ മാർഗനിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. എന്നാൽ ഡോക്ടർമാർ, അഭിഭാഷകർ, നഴ്സുമാർ, എഞ്ചിനീയർമാർ, ബിസിനസുകാർ മുതലായ പ്രൊഫഷനുകളിൽ കേന്ദ്രീകൃത സംഘടനകൾക്ക് രജിസ്‌ട്രേഷൻ നിബന്ധനകളിൽ ചില ഇളവുകൾ നൽകുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. മൂന്നു വർഷത്തേക്കായിരിക്കും രജിസ്‌ട്രേഷൻ കാലാവധി. ഈ കാലയളവിൽ സംഘടനയുടെ പ്രവർത്തനം സംബന്ധിച്ച് അവലോകനം നടത്താനും ആവശ്യമെങ്കിൽ രജിസ്‌ട്രേഷൻ റദ്ദാക്കാനും എംബസിക്ക് അധികാരമുണ്ടായിരിക്കും.

ഇതിന് ശേഷം എംബസി പുതുക്കി നിശ്ചയിച്ച പട്ടികയിൽ നിന്നാണ് നിരവധി പ്രമുഖ മലയാളി സംഘടനകൾ പുറത്താവുകയും പല കടലാസു സംഘടനകളും നിലനിൽക്കുകയും ചെയ്തത്. ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള മാർഗ്ഗമാണെന്നാണ് വിലയിരുത്തൽ.