കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുന രാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ വീണ്ടും ഭേദഗതി വരുത്താൻ സർക്കാർ ആലോചന. രാജ്യത്തെ സ്വകാര്യ മേഖലയിലേക്ക് ആവശ്യമായ വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ അനുവാദം നൽകുന്ന ഉത്തരവ് നടപ്പാക്കാനിരിക്കെയാണ് തൊഴിലാളികളുടെ എണ്ണത്തിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം നടത്തുന്നത്.

കുവൈറ്റിന് പുറത്ത് നിന്നുള്ള തൊഴിലാളികളിൽ ഇരുപത്തഞ്ച് ശതമാനം കുറവ് വരുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തിനകത്ത് നിന്ന് തൊഴിലാളികളെ നിയോഗിക്കാൻ ഓരോ തൊഴിൽ ദാതാക്കൾക്കും അവസരമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇത് ഇരുപത് ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. വിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിൽ ഇത് പൂജ്യം ശതമാനവും ആകാം.

അഞ്ചു വർഷമായി നിർത്തിവച്ചിരുന്ന സ്വകാര്യ തൊഴിൽ മേഖലകളിലേക്കുള്ള വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റ് പുന$സ്ഥാപിച്ചുകൊണ്ടുള്ള മന്ത്രിസഭാ ഉത്തരവ് ഇറങ്ങിയിട്ട് ഒരു വർഷമായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്നുള്ള തൊഴിലന്വേഷകർ വ്യാപകമായ തോതിൽ കുവൈത്തിൽ ഇനിയും എത്തിയിട്ടില്ല. ഓരോ പദ്ധതികളിലേക്കും ആവശ്യമായ തൊഴിലാളികളിൽ 25 ശതമാനം പേരെ വിദേശ രാജ്യങ്ങളിൽനിന്ന് കൊണ്ടുവരാൻ അനുവാദം നൽകുന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പിറങ്ങിയ ഉത്തരവ്.

എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന്റെ വിലക്കുറവ് കാരണം രാജ്യം അഭിമുഖീകരിക്കുന്ന പ്രത്യേക സാമ്പത്തികാവസ്ഥയും അതോടൊപ്പം, സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും കണക്കിലെടുത്ത് ഇതിൽ മാറ്റംവരുത്താനാണ് അധികൃതർ ആലോചിക്കുന്നത്.

എല്ലാ സ്വകാര്യ മേഖലകൾക്കും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അനുവാദം മുൻ ഉത്തരവിൽ ഉണ്ടായിരുന്നു. ഇതിൽ മാറ്റം വരുത്തി രാജ്യത്തിന്റെ പൊതുതാൽപര്യത്തിന് ഏറ്റവും ആവശ്യമായ സ്വകാര്യ മേഖലകൾക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് ഇറങ്ങിയതും ഇപ്പോഴും പ്രാബല്യത്തിൽ വന്നിട്ടില്ലാത്തതുമായ ഉത്തരവിൽ ഈ ഭേദഗതികൾ വരുത്താൻ പഠനം നടക്കുകയാണെന്നും അത് പൂർത്തിയായാൽ തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹിന് കൈമാറുകയുമാണ്
ചെയ്യുക.

വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാൻ തത്ത്വത്തിൽ തീരുമാനമെടുത്തപ്പോൾ തന്നെ ഇതേകുറിച്ച് വിശദമായ പഠനം നടത്താൻ മാൻപവർ അഥോറിറ്റി പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. മന്ത്രാലയത്തിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഈ സമിതി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്ന വരുടെ പ്രായം 21 വയസ്സിൽ കുറയാൻ പാടില്‌ളെന്നതായിരുന്നു അതിൽ പ്രധാനം. സർക്കാറുമായി ഉടമ്പടിയുള്ള കമ്പനികളിലല്ലാതെ ജോലിചെയ്യുന്ന സെക്യൂരിറ്റി ജോലിക്കാർക്കും ക്‌ളീനിങ് തൊഴിലാളികൾക്കും പുതുതായത്തെുന്ന തൊഴിലാളികൾക്കും സാമ്പത്തിക ഇൻഷുറൻസ് ഏർപ്പെടുത്തണം, പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ജോലികൾ കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്ന കമ്പനികൾക്കും തൊഴിൽ ഉടമകൾക്കും തൊഴിലാളികളുടെ വിസാ സംബന്ധമായ കാര്യങ്ങൾ ഓൺലൈൻ വഴി പൂർത്തീകരിക്കാനുള്ള സൗകര്യം ഒരുക്കണം, സ്ത്രീകളുടെ പ്രകൃതത്തിനും മറ്റും യോജിച്ചുപോകുന്ന തൊഴിലുകളിലേക്ക് മാത്രമേ അവരെ റിക്രൂട്ട് ചെയ്യാവൂ, അതും അവരുടെ പ്രായവും ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമതയും മറ്റും പരിഗണിച്ചുകൊണ്ട് മാത്രമാവണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമ്പോൾ ഇവയെല്ലാം നടപ്പാവുമെന്നാണ് സൂചന.