കുവൈത്ത് സിറ്റി: അനധികൃതമായി ഡിഷ് ടിവി കുവൈത്തിൽ വ്യാപകമായ പശ്ചാത്തലത്തിൽ അനധികൃത ടിവി ഓപ്പറേറ്റർമാർക്കെതിരെ കുവൈത്തിൽ വ്യാപക റെയ്ഡ്. വിവിധ വാണിജ്യകേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യ ആസ്ഥാനമായുള്ള ഡിടിഎച്ച് സർവീസ് ഡിഷ് ടിവിയുടെ അനവധി സെറ്റ് ബോക്‌സുകൾ പിടിച്ചെടുത്തു. ജിസിസിയിലെ പ്രമുഖ പേടിവി നെറ്റ്‌വർക്കായ ഒഎസ്എൻ നൽകിയ പരാതിയെ തുടർന്നാണ് റെയ്ഡ് നടന്നത്.

മധ്യപൂർവ ദേശങ്ങളിൽ പ്രവർത്തിക്കാൻ ഡിഷ് ടിവിക്ക് അനുമതിയില്ല. ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്നതിനുള്ള ഉപഗ്രഹ ലൈസൻസ് മാത്രമാണ് ഡിഷ് ടി വിക്കുള്ളത് . ജിസിസിയിൽ മറ്റു രാജ്യങ്ങളിലും സമാനമായ പരിശോധനകൾ നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് കുവൈത്തിലെ റെയ്ഡ് നടന്നത്.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് കുവൈത്തിൽ ഡിഷ് ടിവി ഉപയോഗിക്കുന്നവരിൽ അധികവും.  നിയമവിധേയമല്ലാത്ത ഉപകരണങ്ങൾ വിൽപന നടത്തുന്ന കടകൾ അടപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.