കുവൈത്ത് സിറ്റി: പ്രവാസികളുടെ വയറ്റത്തടിക്കുന്ന പുതിയ നിയമവുമായി കുവൈറ്റ് സർക്കാർ. ഇനി മുതൽ നമ്മൾ നാട്ടിലേക്ക് അയയ്ക്കുന്ന ഓരോ പണത്തിനും നികുതി നൽകണം. അതായത് ഇനി മുതൽ മാസം തോറും എണ്ണി ചുട്ട അപ്പം പോലെ നമ്മൾ നാട്ടിലേയ്ക്ക് അയക്കുന്ന ഓരോ പണത്തിനും സർക്കാരിലേക്ക് നികുതി അടയ്ക്കണമൈന്നാണ് കുവൈറ്റ് പാർലമെന്ററി കമ്മറ്റിയുടെ പുതിയ തീരുമാനം.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ പോലും ഒഴിവാക്കാതെയാണ് കുവൈറ്റ് സർക്കാർ ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നത്. വിദേശികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദ്ദേശത്തിനു പാർലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സമിതി അംഗീകാരം നൽകിയതോടെയാണ് പുതിയ നികുതിയും പ്രവാസികളെ തേടി എത്തിയിരിക്കുന്നത്.

പുതിയ നിയമ പ്രകാരം 100 ദിനാറിൽ താഴെയുള്ള ഇടപാടിന് ഒരുശതമാനം നികുതിയും. 200ദിനാറിൽ താഴെയുള്ള ഇടപാടിന് രണ്ടുശതമാനവും 300ദിനാറിനു താഴെ മുന്നുശതമാനവും 400 ദിനാറിനു താഴെ നാലുശതമാനവും നികുതിയായി നൽകണം. 500 ദിനാറിനു മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനം നികുതിയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതോടെ നാട്ടിലേക്ക് മിച്ചം പിടിച്ച് അയക്കുന്ന തുകയിൽ നല്ലൊരു ശതമാനവും കുവൈറ്റ് സർക്കാരിൽ തന്നെ നിക്ഷിപ്തമാവും എന്നർത്ഥം.

സഫാ അൽ ഹാഷിം എംപിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. നികുതി ചുമത്തുന്നതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിർദ്ദേശം അംഗീകരിച്ചതെന്ന് സമിതി ചെയർമാൻ സാലെ അൽ അഷൂർ എംപി അറിയിച്ചു.

നികുതി നൽകാത്തവർ കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. നികുതി നൽകാത്തവർക്ക് അഞ്ച് വർഷം തടവും ഇടപാട് നടത്തുന്ന പണത്തിന്റെ ഇരട്ടി പിഴയായും നൽകണമെന്നാണ് ശുപാർശ. സെൻട്രൽ ബാങ്കാണ് ഈ നികുതികൾ പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറേണ്ടത്. നിയമം ലംഘിക്കുന്ന ബാങ്കിങ് സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാവും.

ഇന്നലെ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിയമത്തിന് പാർലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സിമിതിയുടെ അംഗീകാരം ലഭിച്ചത്. വ്യക്തമായ പഠനം അനിവാര്യമാണെന്ന അഭിപ്രായത്തിൽ പലതവണ ചേർന്ന സമിതിയോഗം അന്തിമ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ ചേർന്ന സമിതി യോഗത്തിൽ നാലുപേർ നിർദ്ദേശത്തെ അനുകൂലിച്ചും ഒരാൾ എതിർത്തും വോട്ട് ചെയ്തു. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുത്തണമെന്നാണ് സമിതി ശുപാർശ.

അതേസമയം വിദേശികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദ്ദേശത്തിന് രാജ്യത്തു സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ഖജനാവിലേക്ക് 50-60 ദശലക്ഷം ദിനാർ അധിക വരുമാനമുണ്ടാകുമെന്നതാണ് നികുതികൊണ്ടുള്ള മെച്ചമായി കണക്കാക്കുന്നത്. എന്നാൽ ഈ നികുതി വഴി പ്രവാസികൾക്ക് നഷ്ടമാവുക മാസം നാട്ടിലേക്ക് അയക്കുന്ന സമ്പാദ്യത്തിന്റെ ഒരു നല്ല ഭാഗവും എന്നാൽ എന്നാൽ കുവൈറ്റ് സർക്കാരിന് ലഭിക്കുക മൊത്തം വരുമാനത്തിന്റെ വളരെ തുച്ഛമായ തുകയും മാത്രമാണ്.

അതിനാൽ ഈ നികുതി രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു വിഘനം വരുത്തുന്ന നടപടിയായി മാത്രമെ അതിനെ കാണാൻ കഴിയൂവെന്ന് പ്രതികരിച്ചവരുമുണ്ട്. രാജ്യത്തെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സെൻട്രൽ ബാങ്കും വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തുന്നതിനോട് തത്വത്തിൽ അനുകൂലമല്ല.

അതിനിടെ വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തുക മാത്രമല്ല മുനിസിപ്പൽ സേവനങ്ങൾക്കും റോഡ് ഉപയോഗത്തിനും വിദേശികളിൽനിന്ന് പ്രത്യേക ഫീസ് ഈടാക്കണമെന്നും സഫാ അൽ ഹാഷ്മി എംപി കഴിഞ്ഞദിവസം ആവശ്യപ്പെട്ടു. വിദേശികൾ അനുഭവിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മുഴുവൻ സേവനങ്ങൾക്കും നികുതി വേണമെന്ന് അവർ ആവശ്യപ്പെട്ടു. വിദേശികളുടെ താമസസ്ഥലങ്ങളിൽനിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതു മുനിസിപ്പാലിറ്റിയാണ്. അതിനുൾപ്പെടെ നിശ്ചിത ഫീസ് ഏർപ്പെടുത്തണമെന്നും അൽ ഹാഷ്മി എംപി നിർദ്ദേശിച്ചു.