കുവൈത്തിന്റെ ചില ഭാഗങ്ങളിൽ അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ ജല വിതരണം തടസപ്പെടും . ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല വൈദ്യുത മന്ത്രാലയം നിർദേശിച്ചു.

ഫർവാനിയ ജഹറ ഗവർണറേറ്റുകളിലാണ് ജലവിതരണം മുടങ്ങുക. പംബിങ് സ്‌റ്റേഷനുളിലും പൈപ്പ് ലൈനുകളിലും പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണു കാരണം. ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ ശനിയാഴ്ച ഉച്ചക്ക് 12 വരെ തുടർച്ചയായി 18 മണിക്കൂറായിരിക്കും ജല വിതരണം തടസപ്പെടുക. ഇത് മുൻകൂട്ടി കണ്ട് എല്ലാവരും ആവശ്യമായ വെള്ളം വീടുകളിൽ ശേഖരിക്കണമെന്ന് ജല വൈദ്യുതി മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഖലീഫ അൽ ഫലീജ് നിർദേശിച്ചു.

അതേസമയം സുലൈബിയ, ജഹ്‌റ, ഖൈത്താൻ, ഉമരിയ എന്നിവിടങ്ങളിലെ വാട്ടർ ഫില്ലിങ് സ്‌റ്റേഷനുകളിൽ 24 മണിക്കൂറും ജല ലഭ്യത ഉറപ്പു വരുത്തും. ആവശ്യക്കാർ 152 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ടാങ്കർ ലോറികളിൽ വെള്ളമത്തെിക്കുന്നതാണെന്നും ജല വൈദ്യുതി വകുപ്പ് അറിയിച്ചു.