കുവൈറ്റ് സിറ്റി: എണ്ണവിലയിടിവ് സമ്പദ് ഘടനയെ സാരമായി ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ഇൻകം ടാക്‌സ്, സെയിൽസ് ടാക്‌സ്, കോർപ്പറേറ്റ് ടാക്‌സുകൾ ഈടാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഇന്ധനത്തിനും വൈദ്യുതിക്കും വെള്ളത്തിനും നൽകിവരുന്ന സബ്‌സിഡികൾ വെട്ടിക്കുറച്ചും ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുകയാണ് കുവൈറ്റ് സർക്കാരും.

സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുക മാത്രമല്ല, പെട്രോൾ, വൈദ്യുതി, വെള്ളം എന്നിവയുടെ വില വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞ വർഷമാണ് കുവൈറ്റിൽ ഡീസലിന്റേയും മണ്ണെണ്ണയുടേയും വില കുറച്ചുകൊണ്ട് പ്രഖ്യാപനമുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില സാരമായി ഇടിഞ്ഞെങ്കിലും സബ്‌സിഡികൾ വെട്ടിക്കുറയ്ക്കാതിരുന്ന ഏക ജിസിസി രാജ്യമായിരുന്നു കുവൈറ്റ്. എന്നാൽ എണ്ണവിലയിൽ നേരിട്ട ഇടിവ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്ന ഘട്ടം എത്തിയപ്പോഴാണ് ചെലവു ചുരുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് സർക്കാർ തീരുമാനം നീണ്ടത്. കുവൈറ്റിന്റെ 94 ശതമാനത്തോളം വരുമാനം ക്രൂഡ് ഓയിലിൽ നിന്നാണെന്നാണ് വ്യക്തമാകുന്നത്.

ഖജനാവിലേക്ക് കൂടുതൽ പണം കണ്ടെത്താൽ ഇനി നികുതികളും ഈടാക്കാൻ തുടങ്ങുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇൻകം ടാക്‌സ്, സെയിൽസ് ടാക്‌സ്, കോർപറേറ്റ് ടാക്‌സുകൾ കാലതാമസം കൂടാതെ നിലവിൽ വരും. പബ്ലിക് സർവീസുകളുടെ ചെലവ് നിയന്ത്രിക്കുന്നതിന് സർക്കാർ ചെലവ് കുറയ്ക്കുകയാണ് മാർഗം. ബജറ്റ് കമ്മി കുറയ്ക്കാനുള്ള നിയമം പാസാക്കാനാണ് ശ്രമം. പെട്രോളിനും മറ്റും വില കൂട്ടിയ സൗദി പോലെയുള്ള രാജ്യങ്ങളും ഉടൻ തന്നെ നികുതി ഈടാക്കിത്തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.