കുവൈത്തിൽ ജിവിതച്ചെലവ് മൂലം നട്ടംതിരയുന്ന പ്രവാസികൾക്ക് ഇരുട്ടടിയുമായി ഗാർഹിക വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത. കുവൈത്തിൽ ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് ബന്ധപ്പെട്ട സമിതി സർക്കാരിന് ശുപാർശ സമർപ്പിച്ചു. ഒരുവർഷം ആറായിരത്തിലേറെ കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മൂന്നു മുതൽ ആറിരട്ടി വരെ വർധന നിർദേശിക്കുന്നതാണ് ശുപാർശ.

ഒരുവർഷം ആറായിരത്തിലേറെ കിലോവാട്ട് വൈദ്യുതി ഉപയോഗിക്കുന്നവർക്കു മൂന്നിരട്ടി മുതൽ ആറിരട്ടി വരെ വർധനയാണു ധനമന്ത്രാലയം അണ്ടർസെക്രട്ടറി ഖലീഫ ഹമദ ചെയർമാനായുള്ള സർക്കാർ സമിതി ശുപാർശ ചെയ്തത്. പ്രതിവർഷം 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർക്കു നിലവിലുള്ളതുപോലെ കിലോവാട്ടിന് രണ്ടുഫിൽസ് എന്ന നിരക്കു തുടരാനാണു ശുപാർശ. 6000 10,600 കിലോവാട്ട് ഉപയോഗത്തിനു കിലോവാട്ടിന് ആറു ഫിൽസും (നിലവിലുള്ളതിന്റെ മൂന്നിരട്ടി) അതിനു മുകളിൽ 12 ഫിൽസും (ആറിരട്ടി) നിരക്കു നിശ്ചയിക്കണമെന്നാണു ശുപാർശ. ഈ നിരക്കിൽ വർധന ഏർപ്പെടുത്തിയാലും ഉൽപാദനച്ചെലവിനെക്കാളും കുറഞ്ഞ നിരക്കിൽ തന്നെയാകും വിതരണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഡീസലിന്റെയും മണ്ണെണ്ണയുടെയും വർധിപ്പിച്ച നിരക്കിൽ അൽപം ഇളവു വരുത്താൻ അധികൃതർ ആലോചിക്കുന്നതായി സൂചനയുണ്ട്.അതനുസരിച്ച് അടുത്തമാസം മുതൽ രണ്ടിന്റെയും വില ലീറ്ററിനു 140 ഫിൽസ് ആക്കിയേക്കും. ജനുവരി ഒന്നുമുതൽ 170 ഫിൽസാണു ഡീസലിന്റെയും മണ്ണെണ്ണയുടെയും വില. അതിനുമുൻപ് 55 ഫിൽസ് ആയിരുന്നു. ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലവർധന അവശ്യസാധനങ്ങൾക്കു വിലക്കയറ്റം ഉണ്ടാക്കുന്നുവെന്നത് ഉൾപ്പെടെയുള്ള പരാതികൾ ശക്തമായ സാഹചര്യത്തിലാണു
വിലവർധനയിൽ ഇളവ് അനുവദിക്കാൻ നീക്കം നടക്കുന്നത്.