കുവൈത്ത് സിറ്റി: കുവൈറ്റും ഫിലിപ്പൈൻസും തമ്മിലുള്ള ബന്ധം വഷളായി.രാജ്യത്തെ പൗരന്മാർ കുവൈറ്റിൽ ജോലിക്ക് പോകുന്നതിനെ ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് വിലക്കി. കുവൈറ്റിലുള്ള മുഴുവൻ ഫിലിപ്പൈൻസുകാരും മടങ്ങി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ സിങ്കപ്പൂരിലെത്തിയ അദ്ദേഹം, ഫിലിപ്പൈൻ പൗരന്മാരെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കുവൈറ്റിലുള്ള രണ്ടര ലക്ഷത്തിലേറെ ഫിലിപ്പൈൻസുകാർ പ്രതിസന്ധിയിലായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ആഹ്വാനം. കുവൈത്തിലെ സ്വദേശി ഭവനത്തിൽനിന്ന് ഫിലിപ്പീൻസുകാരിയായ ഗാർഹിക തൊഴിലാളിയെ ഫിലിപ്പീൻസ് എംബസി ഉദ്യോഗസ്ഥർ വിളിച്ചുകൊണ്ടു പോയതാണ് ബന്ധം വഷളാകാൻ കാരണം. സംഭവവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്ത കുവൈത്ത് അധികൃതർ ഫിലിപ്പീൻസ് സ്ഥാനപതിയെ പുറത്താക്കാനും തീരുമാനിച്ചിരുന്നു. ദേശസ്‌നേഹത്തിന്റെ വെളിച്ചത്തിൽ എല്ലാവരും തിരികെ വരണമെന്നും രാജ്യത്ത് ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

കുവൈത്തും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധം അടുത്തിടെയായി പരീക്ഷണത്തിലാണ്. കുവൈത്തിലേക്ക് തൊഴിൽതേടി പോകുന്നതിന് നിരോധനം പ്രഖ്യാപിച്ചതു തൊട്ട് എല്ലാവരോടും തിരിച്ചുവരാൻ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കുവൈത്തിൽ കഴിയുന്ന ഫിലിപ്പീൻസുകാരെ പ്രയാസപ്പെടുത്തരുതെന്നും മനുഷ്യർ എന്ന നിലയിലുള്ള പരിഗണന അവർക്കു നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ളവരെ തിരിച്ചുകൊണ്ടുവരുന്നതിനായി പണം ശേഖരിക്കും. ചൈനയിൽനിന്ന് അതിനാവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.

മുഴുവൻ ഫിലിപ്പീൻസുകാരെയും രാജ്യത്ത് തിരിച്ചെത്തിച്ച ശേഷമാകും കുവൈറ്റുമായുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലുള്ള ഫിലിപ്പീൻസുകാർക്ക് ഇക്കാലമത്രയും നൽകിയ സഹായത്തിന് കുവൈത്തിനോട് നന്ദിയുണ്ട്.നല്ല അയൽപക്കവും സൗഹൃദവും എന്നതിലുപരി ഫിലിപ്പീൻസിൽനിന്നുള്ള സഹോദരീ സഹോദരന്മാരെ സ്വീകരിച്ച രാജ്യവുമായുള്ള ബന്ധം തകർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല.

അതേസമയം ഫിലിപ്പീൻസുകാർക്കെതിരെ കുവൈറ്റിൽ സംഭവിക്കുന്നതിനോട് യോജിക്കാനുമാകില്ല. നിഷ്‌ക്രിയനായിരിക്കാനും കഴിയില്ല. ഫിലിപ്പീൻസുകാരെ സ്വദേശത്ത് തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ബാങ്ക് കൊള്ളയടിക്കാൻ തയാറാണെന്നും ഒരു ഘട്ടത്തിൽ പ്രസിഡന്റ് പറഞ്ഞു. തന്റെ മനസ്സിൽ വെറുപ്പോ വൈരാഗ്യമോ ഇല്ല. ഫിലിപ്പീൻസുകാരുടെ സാന്നിധ്യം അലോസരമാണെങ്കിൽ അവരെ സ്വദേശത്തേക്കു വരാൻ അനുവദിക്കണമെന്നേ പറയുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം കുവൈറ്റ് ഭരണകൂടം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.