കുവൈറ്റ്: വിദേശി ജീവനക്കാരെ കുറയ്ക്കാനുള്ള കുവൈത്തിലെ നടപടികൾ വിദ്യാഭ്യാസ മേഖലയിലും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസി അദ്ധ്യാപകരുടെ എണ്ണം 25 ശതമാനം കുറയ്ക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് എജ്യുക്കേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫാത്തിമ അൽ കന്ദരി അറിയിച്ചു.

സോഷ്യൽ സ്റ്റഡീസ് സബ്ജറ്റുകൾ പഠിപ്പിക്കാൻ കുവൈറ്റി,ജിസിസി,ബിദൂൻ അദ്ധ്യാപകർ ഉള്ളതിനാൽ ഈ ഫീൽഡിൽ നിന്നാകും കൂടുതൽ പ്രവാസി അദ്ധ്യാപകരെ പിരിച്ചുവിടുക. എജ്യുക്കേഷണൽ ഡിസ്ട്രിക്ടിൽ നടന്ന ഡയറക്ടർമാരുടെ യോഗത്തിന് ശേഷമാണ് അൽ കന്ദരി ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്.

അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളാണ് പ്രഖ്യാപിച്ചത്. സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിന് മൂന്ന് മാസം മുമ്പ് പ്രവാസി അദ്ധ്യാപകരെ അക്കാര്യം അറിയിക്കുന്നതാണ്. മാർച്ച് മാസത്തിൽ പുതിയതായി സ്‌കൂളുകൾ ആരംഭിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജബർ അൽ അഹമ്മദിൽ ആറ് സ്‌കൂളുകളും നോർത്ത് വെസ്റ്റ് സുലൈബിഖാത്തിൽ 11 സ്‌കൂളുകളും പുതിയതായി പ്രവർത്തനം ആരംഭിക്കും.