കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി മന്ത്രാലയങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി റിപ്പോർട്ട്. ഇതിന്റെ ആദ്യ പടിയായി തൊഴിൽ സാമൂഹ്യ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി തുടങ്ങി.

വിദേശികളിൽ 25 ശതമാനം പേരെ കുറയ്ക്കണമെന്നാണു സിവിൽ സർവീസ് കമ്മിഷൻ അടുത്തിടെ നിർദ്ദേശം നൽകിയതിന്റെ ഭാഗമായാണ് ഈ നീക്കം. സാമൂഹിക തൊഴിൽ മന്ത്രാലയത്തിലെ വിദേശികളായ 43 പേരെ ഒഴിവാക്കി. 42 പേരുടെ തൊഴിൽ കരാർ ജൂണിൽ പുതുക്കേണ്ടതില്ലെന്നും വകുപ്പുമന്ത്രി നിർദ്ദേശം നൽകി. എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സമാനമായ തീരുമാനം ഉണ്ടാകും.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വിവിധ മാർഗങ്ങളാണ് അനുവർത്തിക്കുക. 30വർഷം പൂർത്തിയായവരെ ഒഴിവാക്കുക എന്നതാണ് ഒരു മാർഗം. ഏറ്റവും അവസാനം ജോലിയിൽ പ്രവേശിച്ചവരെ ആദ്യം ഒഴിവാക്കുക എന്ന രീതിയും ചില മന്ത്രാലയങ്ങൾ ആലോചിക്കുന്നുണ്ട്.

മന്ത്രാലയത്തിന് കീഴിൽ ലീഗൽ അഡൈ്വസർ , പരിശീലകൻ നഴ്‌സ് അക്കൗണ്ടന്റ് തുടങ്ങി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളാണ് തൊഴിൽ നഷ്ട ഭീഷണി നേരിടുന്നവർ.