സ്‌പോൺസറുടെ ഒറിജിനൽ സിവിൽ ഐഡി ഹാജരാക്കാത്ത വീട്ടുജോലിക്കാർക്കും 18 വയസിൽ താഴെ പ്രായമുള്ളവർക്കും ഇനി റേഷൻ നല്‌കേണ്ടതില്ലെന്ന് കുവൈത്ത് വാണിജ്യമന്ത്രാലയം. ഇത് സംബന്ധിച്ച നിർദ്ദേശം പൊതുവിതരണ കേന്ദ്രങ്ങൾക്കു മന്ത്രാലയം നല്കി കഴിഞ്ഞു.

റേഷൻ വിതരണം വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സർക്കുലർ പ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ളവർക്ക് റേഷൻ ഉത്പന്നങ്ങൾ നൽകരുതെന്നാണ് സപ്ലൈയിങ് സ്റ്റോറുകൾക്കുള്ള നിർദ്ദേശം. റേഷൻ ലിസ്റ്റിൽ പേരു ചേർത്തിട്ടുള്ള വീട്ടു ജോലിക്കാർക്ക് സ്പോൺസറുടെ ഒറിജിനൽ സിവിൽ ഐ ഡി ഹാജരാക്കിയാൽ മാത്രം റേഷൻ നൽകിയാൽ മതിയെന്നും വിജ്ഞാപനത്തിൽ പറയുന്നു, റേഷൻ വിതരണത്തിലെ ക്രമക്കേടുകളും അപാകതകളും പരിഹരിക്കുന്നതിനായി ആറു ഗവര്ണറേറ്റുകളിലേയും സപ്ലൈയിങ് സ്റ്റോറുകൾ
തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. റേഷൻ ഉത്പന്നങ്ങളുടെ സ്റ്റോക്ക് വിവരങ്ങളും മറ്റും മന്ത്രാലയത്തിന് നേരിട്ട് പരിശോധിക്കാൻ ഇത് വഴി സാധിക്കും.

സപ്ലൈയിങ് സ്റ്റോറുകൾ വഴി സബ്സിഡിയോടെ ലഭിക്കുന്ന ഉത്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നതായി നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം പുതിയ നടപടികൾ കൈക്കൊണ്ടത്.

1979ലെ നിയമപ്രകാരം റേഷൻ സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ചുരുങ്ങിയത് 10 വർഷം വരെ തടവും ആയിരം ദീനാർ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, ഈ നിയമം കാറ്റിൽപറത്തി രാജ്യത്ത് റേഷൻ സാധനങ്ങളുടെ അനധികൃത വിൽപന വ്യാപകമാണ്. ഏഷ്യൻ രാജ്യക്കാരും അറബ് വംശജരായ വിദേശികളുമാണ് ഇവയുടെ വിൽപനക്കാരായും ഉപഭോക്താക്കളായും കൂടുതൽ രംഗത്തുള്ളത്. മാർക്കറ്റിൽ കൊടുക്കുന്നതിന്റെ പകുതിയിലും കുറഞ്ഞ വില കൊടുത്താൽ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ ലഭിക്കുമെന്നതാണ് ഇടത്തരക്കാരായ വിദേശികൾ ഈ രീതിയിൽ സാധനങ്ങൾ വാങ്ങാറുണ്ട്.