കൊച്ചി: കുവൈറ്റിലേയ്ക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയ മാത്യു ഇന്റർനാഷണലിന്റെ ഓഫീസിലും ഉടമ പി.ജെ. മാത്യുവിന്റെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്നലെ രാത്രിയാണ് കലൂരിലെ ഓഫീസിലും പി ജെ മാത്യുവിന്റെ വീടുകളിലും ഉദ്യോഗസ്ഥർ മിന്നൽ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത രണ്ടു കോടിയോളം രൂപ കണ്ടെടുത്തു. സ്ഥാപന ഉടമ മാത്യുവിന്റെയും മറ്റും പക്കൽ നിന്നാണ് തുക ലഭിച്ചത്. കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ മാത്യു ഇന്റർനാഷണലിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കുവൈറ്റിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് അനുവദനീയമായ 19,500 രൂപ വാങ്ങാനാണ് അനുമതിയുള്ളത്. എന്നാൽ 19 ലക്ഷം രൂപ വരെ വാങ്ങിയെന്നാന്നാണ് ഇയാൾക്കെതിരെ ഉയർന്നിരുന്ന പരാതി. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പും സിബിഐയും ഇവിടെ സംയുക്തമായി റെയ്ഡ് നടത്തിയിരുന്നു. കേരളത്തിൽ നിന്നും കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്ന പ്രമുഖ ഏജൻസിയാണ് മാത്യു ഇന്റർനാഷണൽ രണ്ട് ലക്ഷത്തോളം പേർ ഈ ഏജൻസി വഴി വിവിധ രാജ്യങ്ങളിൽ ജോലിക്ക് പോയിരുന്നു.

കൊച്ചി പ്രധാന കേന്ദ്രമാക്കിയാണ് മാത്യു ഇന്റർനാഷണലിന്റെ പ്രവർത്തനം. ഈ സ്ഥാപനത്തിൽ നേരത്തെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. വർഗീസ് ഉതുപ്പിന്റെ അൽസറഫ ഏജൻസിക്ക് നേരെ ആരോപണം ഉയർന്ന വേളയിലായിരുന്നു മാത്യു ഇന്റർനാഷണലിലും സിബിഐ റെയ്ഡ് നടത്തിയത്. മാത്യു ഇന്റർനാഷണലിന്റെ കൊച്ചി, ചങ്ങനാശ്ശേരി, ബംഗ്ലൂർ ഓഫീസുകളിൽ ഒരേ സമയം നടത്തിയ റെയ്ഡിൽ അനവധി രേഖകളാണ് പിടിച്ചെടുത്തത്. മിക്കതും റിക്രൂട്ട് തട്ടിപ്പുമായി ബന്ധപ്പെട്ടവ ആയിരുന്നു. പ്രവർത്തനം അവസാനിപ്പിക്കണം എന്ന് മുഴുവൻ റിക്രൂട്ടിങ് ഏജൻസികൾക്കും കേന്ദ്ര സർക്കാർ ഈ മാസം 20 ന് തന്നെ താക്കീത് നൽകിയിട്ടും കുവൈറ്റ് റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് നീങ്ങിയിരുന്നു മാത്യു ഇന്റർനാഷണൽ.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങി ലോകത്തെ ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കും ആളുകളെ റിക്രൂട്ട് ചെയ്തിട്ടുള്ള വമ്പൻ സ്ഥാപനമാണ് മാത്യു ഇന്റർനാഷണൽ എന്നാണ് റിപ്പോർട്ട്. മുംബൈ ആസ്ഥാനമായി 1974 ൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉടമയാണ് പി.ജെ. മാത്യു. നാലു പതിറ്റാണ്ടിലേറെ പ്രവർത്തനപാരമ്പര്യമുള്ള ഈ സ്ഥാപനത്തിന്റെ റിക്രൂട്ട് തട്ടിപ്പ് വെളിച്ചത്തായതോടെ ഇവിടെ പണം നൽകിയവരും അങ്കലാപ്പിലായി.

മുഖ്യമായും കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് പണം പോയവരിൽ ഏറെയും. ആദായ നികുതി വകുപ്പ് മാത്യു ഇൻർനാഷണലിന്റെ ഒന്നര കോടി രൂപ വാഹന പരിശോധനയിൽ പിടിച്ചെടുത്തു എന്ന വാർത്ത പരന്നതോടെയാണ് പണം നൽകിയ 100 കണക്കിന് ഉദ്യോഗാർത്ഥികളും ബന്ധുക്കളും ആദായ നികുതി ഓഫീസിന്റെ മുന്നിലെത്തി പ്രക്ഷുബ്ദ രംഗങ്ങൾ സൃഷ്ടിച്ചത്. മാത്യു ഇന്റർനാഷണലിന്റെ വാഹനത്തിൽ നിന്നും കൊച്ചിയിൽ തമ്മനത്ത്് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ആകസ്മികമായി നേരത്തെ ഒന്നര കോടി രൂപ പിടിച്ചെടുത്തിരുന്നു. വൻതുക ഈടാക്കി 300 ഓളം നേഴ്‌സുമാരെ ഇയ്യിടെ കുവൈറ്റിൽ എത്തിച്ചതോടെ ആയിരങ്ങളാണ് അവസരം തേടി മാത്യു ഇന്റർനാണഷണലിൽ എത്തിയിരുന്നത്.