കുവൈറ്റ്: റമദാൻ മാസത്തിൽ പണപ്പിരിവ് നടത്തുന്നവർക്ക് കർശന നിബന്ധനകളുമായി സാമൂഹ്യ ക്ഷേമ മന്ത്രാലയം രംഗത്തെത്തി. പള്ളികളും സന്നദ്ധസംഘടനകളും റമ്ദാൻ മാസത്തിൽ ചില നിബന്ധനകൾ പാലിച്ച് വേണം പിരിവ് നടത്താനെന്ന് മന്ത്രാലയം അറിയിച്ചു. റമദാനിൽ പള്ളികളിൽ പിരിവു പെട്ടികൾ സ്ഥാപിക്കാനോ നോട്ടീസുകൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ സംഘടനയുടെ ലൈസൻസ് റദ്ദാക്കുന്നതാണ്. പുണ്യമാസത്തിൽ അനധികൃതമായി സംഭാവന പിരിക്കാൻ ആരെയും അനുവദിക്കില്ല.

ഇതിന്റെ ഭാഗമായി പള്ളികളിൽ പിരിവു നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ചു ഓകാഫ് മന്ത്രാലയവും സാമൂഹ്യ ക്ഷേമ വകുപ്പും തമ്മിൽ ധാരണയിലെത്തി. ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രി യാക്കൂബ് അൽസാനിഉം തൊഴിൽ മന്ത്രി ഹിന്ദ് അൽസബീഹും ആണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

പുതിയ നിബന്ധന അനുസരിച്ച് സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിപത്രം ഉള്ള സന്നദ്ധ, ജീവകാരുണ്യ സംഘടനകൾക്ക് ബാങ്കു ട്രാൻസഫർ മുഖേനയോ , കെ നെറ്റ് കാർഡ് വഴിയോ സംഭാവന സ്വീകരിക്കാം. സംഭാവനകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യ ബോർഡുകൾ പള്ളികളുടെ സമീപത്ത് സ്ഥാപിക്കാൻ സംഘടനകൾക്ക് അനുമതിയുണ്ടാവും. എന്നാൽ പരസ്യ ബോർഡുകൾ തൊഴിൽ മന്ത്രാലയം അനുവദിച്ച സമയപരിധിക്കുള്ളിൽ നീക്കം ചെയ്യണം.

പള്ളി ഇമാമുമാർ ഏതെങ്കിലും സംഘടനകൾക്ക് വേണ്ടിയോ പള്ളി നിർമ്മാണം, ദുരിതാശ്വാസം തുടങ്ങിയ ആവശ്യങ്ങൾക്കോ സംഭാവനക്ക് ആവശ്യപ്പെടാൻ അനുവദിക്കില്ല. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതാണ്. നിയമ ലംഘകരെ പിടികൂടാൻ എല്ലാ പള്ളികളിലും തൊഴിൽ സാമൂഹ്യ ക്ഷേമ മതകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തും.