കുവൈത്തിലെ ആശുപത്രികളിൽ വിദേശികളോട് കാണിക്കുന്ന വേർതിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രികളിൽ വിദേശികൾക്ക് ഡയാലിസിസ് സൗകര്യം നൽകേണ്ടതില്ലെന്ന് അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനു പുറമേ ചില ആശുപത്രികളിൽ വിദേശികൾക്ക് ചികിൽസയ്ക്കായി പ്രത്യേക സമയം നിശ്ചയിക്കുകയും ചെയ്തു. ഈ തീരുമാനങ്ങളാണ് രാജ്യത്ത് കടുത്ത എതിർപ്പിന് വഴിതെളിച്ചിരിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ഡയാലിസിസ് ചികിൽസ നിഷേധിക്കാനുള്ള നീക്കത്തിനെതിരെ സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ വിദേശികൾക്ക് ചികിൽസാ സൗകര്യം നിഷേധിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായാണ് സംഘടന മുന്നോട്ടുവന്നത്.

സ്വദേശികൾക്ക് മാത്രമായി 1100 കിടക്കകളുള്ള ഒരു ആശുപത്രി നിർമ്മിക്കാൻ ആലോചിക്കുന്നതായും വാർത്തകളുണ്ടായിരുന്നു. വംശീയ വിവേചനം ശക്തിപ്പെടുത്താൻ വഴി വെയ്ക്കുന്നതാണ് ഈ തീരുമാനങ്ങളെന്നാണ് വിമർശനം. ആരോഗ്യരംഗത്തെ വിവേചനം രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്നു വിമർശകർ ചൂണ്ടിക്കാട്ടി. മുപ്പതു ലക്ഷത്തോളം വിദേശികളും 13 ലക്ഷത്തോളം സ്വദേശികളുമാണ് കുവൈത്തിലുള്ളത്. ആരോഗ്യമേഖലയിൽ എല്ലാ സേവനങ്ങളും സ്വദേശികൾക്ക് സൗജന്യമായാണ് നൽകുന്നത്. എന്നാൽ വിദേശികളിൽ നിന്ന് പ്രതിവർഷം 50 ദിനാർ വീതം ഇൻഷുറൻസ് തുകയായി ഈടാക്കുന്നുണ്ട്.

ഒക്ടോബർ 25 മുതൽ ഓരോ ഡയാലിസിസിനും 25 കുവൈത്ത് ദിനാർ വീതം പ്രവാസികൾ നൽകേണ്ടിവരുമെന്നാണ് റ്പ്പോർട്ട്.ചില രോഗികൾക്ക് പ്രതിവാരം മൂന്ന് വരെ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. ഇതുവഴി അവർ ആഴ്ചയിൽ 300 കുവൈത്ത് ദിനാർ വരെ ചാർജ്ജ് നൽകേണ്ട അവസ്ഥ ഉണ്ടാകും.മാനുഷിക പ്രവർത്തനങ്ങളുടെ കേന്ദ്രം എന്നു കഴിഞ്ഞവർഷം യുഎൻ ആദരം ഏറ്റുവാങ്ങിയ കുവൈത്തിന്റെ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തുന്നതാകും ആരോഗ്യരംഗത്തെ വിവേചനമെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ