കുവൈത്ത് സിറ്റി: അനുമതിയില്ലാതെ സംഘടനാപ്രവർത്തനങ്ങളോ, എന്തിന് പ്രാർത്ഥനായോഗങ്ങൾ പോലുമോ നടത്തുമ്പോൾ ഒന്നു ശ്രദ്ധിക്കേണ്ടി വരും. ഏതു നിമിഷവും അധികൃതരുടെ കണ്ണു നിങ്ങൾക്കുമേലുണ്ടാകും.

അനുമതിയില്ലാതെ സംഘടിക്കുന്നവരെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി കുവൈത്തിൽ അധികൃതർ എത്തുമ്പോൾ മലയാളികളും സൂക്ഷിക്കുക. കുവൈത്ത് നിരീക്ഷിക്കുന്ന ഭാഷകളിൽ മലയാളവും ഉൾപ്പെടുന്നുണ്ട്.

അസോസിയേഷൻ യോഗങ്ങളായാലും പ്രാർത്ഥനായോഗങ്ങളായാലും ഇനി അധികൃതരുടെ കർശന നിരീക്ഷണത്തിലായിരിക്കും. നിയമാനുസൃതമല്ലാതെ സംഘം ചേർന്നാൽ നാടുകടത്തലാകും ഫലം.

കുവൈത്തിൽ കഴിഞ്ഞ ദിവസം കർണാടകത്തിൽനിന്നുള്ള ഒരു സംഘം ഇത്തരത്തിൽ പിടിയിലായിരുന്നു. കുവൈത്തിൽ അനധികൃതമായി കൂട്ടം കൂടി യോഗം നടത്തിയ നിരവധി ഇന്ത്യക്കാരാണ് ഇത്തരത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. കർണ്ണാടക നവ ചേതൻ വെൽഫെയർ അസോസിയേഷന്റെ നേത്യത്വത്തിൽ നടത്തിയ യോഗത്തിൽ പങ്കെടുത്ത നിരവധി ഇന്ത്യക്കാരാണ് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്.

നവരാത്രി ദിനമായ കഴിഞ്ഞ 23 നു മംഗഫ് കേന്ദ്രീകരിച്ചായിരുന്നു യോഗം. 11 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി എംബസി വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിൽ ഭൂരിഭക്ഷം ആളുകളും കർണ്ണാടക സ്വദേശികളാണ്. സംഘം പ്രസിഡണ്ട് അടക്കം രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസസ്റ്റഡിയിലായി. ആയുധപൂജ ചടങ്ങുകൾക്കായി അനുമതി വാങ്ങാതെ ഒത്തു കൂടിയ കർണാടക സ്വദേശികളിൽ 11 പേരെയാണ് അന്നു പിടികൂടിയത്.

മുഹറം പ്രമാണിച്ച് കഴിഞ്ഞ ആഴ്ചയിൽ ആഭ്യന്തര മന്ത്രാലയം കനത്ത സുരക്ഷ നടപടികളുടെ ഭാഗമായി ആളുകൾ കൂടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലുമായിരുന്നു ഇവരുടെ ഒത്തുചേരൽ.

മലയാളികൾ അടക്കമുള്ളവർ അസോസിയേഷൻ യോഗങ്ങൾ കുവൈത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ യോഗങ്ങൾ ചേരുമ്പോൾ മുൻകൈയെടുക്കേണ്ട ആവശ്യകതയാണ് ഈ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്.

ഈജിപ്ത് എംബസിക്കു മുൻപിൽ പ്രകടനത്തിനെത്താൻ ആവശ്യപ്പെട്ടുള്ള സന്ദേശം വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചതിനു വനിതയുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു. ഇവരെ ഉടൻ നാടുകടത്തും. കുവൈത്ത് ഭരണകൂടത്തിനും പൗരന്മാർക്കും ദോഷം ചെയ്യും വിധം സമൂഹമാദ്ധ്യമങ്ങളെ ഉപയോഗിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസം സ്വദേശികളും ഈജിപ്തുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഈജിപ്തുകാരൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഈജിപ്തുകാരെ പ്രകോപിപ്പിക്കുംവിധമുള്ള പ്രചാരണങ്ങളുണ്ടായത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതപരമായ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. വിദേശ ഭാഷകളിൽ വെള്ളിയാഴ്ച ജുമുഅ ഖുതുബ നിർവഹിക്കുന്ന എഴുപതോളം മസ്ജിദുകൾ കുവൈത്തിലുണ്ട്. അവരുടെ പ്രസംഗങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ഇക്കൂട്ടത്തിലാണ് മലയാളവുമുള്ളത്.തമിഴ്, ഹിന്ദി, ഉർദു, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ജുമുഅ ഖുതുബ സംവിധാനമുണ്ട്. ഇവയെല്ലാം നിരീക്ഷണത്തിന്റെ പരിധിയിൽ വരും.

അനധികൃത താമസക്കാരെ കണ്ടെത്താനും അധികൃതർ മാരത്തോൺ റെയ്ഡുമായി രംഗത്തിറങ്ങിയിരുന്നു. മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടുകയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതി. പരിശോധനാ കാമ്പയിനിൽ പൊതു സുരക്ഷാ വിഭാഗത്തിനു പുറമേ തൊഴിൽ മന്ത്രാലയം,മുനിസിപ്പാലിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. നിയമലംഘകരിൽനിന്ന് പ്രദേശത്തെ പൂർണമായും ശുദ്ധീകരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.