കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി മലയാളികൾ ഉൾപ്പെട്ട വിദേശികളെയും ഇരുട്ടിലാക്കി സ്‌കൂൾ ഫീസ് വർദ്ധിപ്പിക്കുന്ന അധികൃതർക്ക് ഡെപ്യൂട്ടി സ്പീക്കറുടെ വക മുന്നറിയിപ്പ്. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിൽ വിവിധ ഫീസുകൾ വർധിപ്പിക്കാനുണ്ടായ കാരണം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ മുബാറക് അൽ ഖുറൈനജ് പാർലമെന്റിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പാർലമെന്റിൽ ഒരു അംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ റൂളിങ്ങിലാണ് ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശം.

രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾ അടുത്തിടെയായി ഭീമമായ ഫീസ് വർധനയാണ് വരുത്തിയത്. 1991 മുതൽ ഇതുവരെ വിവിധ ഘട്ടങ്ങളിലായി സ്വകാര്യ സ്‌കൂളുകൾ വർധിപ്പിച്ച ഫീസ് സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തണെമെന്നാണ് നിർദ്ദേശം.

അതുകൊണ്ട് തന്നെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസ ഫീസ് വർധിപ്പിക്കാനുണ്ടായ കാരണവും സാഹചര്യവും, സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസ ഫീസ് വർധിപ്പിക്കുന്നതിന് വല്ല നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടോ, ഉണ്ടെങ്കിൽ ആ നിയമാവലിയുടെ ഒരു പകർപ്പ് മേശപ്പുറത്ത് വെക്കണം, സ്വകാര്യ സ്‌കൂളുകളുടെ വഴിവിട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പക്കൽ സംവിധാനങ്ങളൊന്നുമില്ലെ, സ്വകാര്യ സ്‌കൂളുകളുകളുടെ നടത്തിപ്പുകാര്യങ്ങളിൽ പ്രത്യേകിച്ച് ഫീസ് വർധനപോലുള്ള കാര്യങ്ങൾ നിരീക്ഷിക്കാൻ എന്ത് നടപടികളാണ് മന്ത്രാലയം കൈക്കൊണ്ടത്, അതല്ല മന്ത്രാലയത്തിന്റെ അനുവാദമൊന്നുമില്ലാതെതന്നെ

സ്വകാര്യ സ്‌കൂളുകൾക്ക് വിദ്യാഭ്യാസ ഫീസ് ഉൾപ്പെടെ വർധിപ്പിക്കാൻ നിയമപരമായ അവകാശമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഡെപ്യൂട്ടി
സ്പീക്കർ വിദ്യാഭ്യാസ മന്ത്രിക്കു മുമ്പാകെവച്ചത്. അങ്ങനെ അവകാശമുണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് കാണിക്കണം.
അതല്ല അനധികൃതമായി ഫീസ് വർധിപ്പിക്കുന്ന നിലപാടിൽനിന്ന് സ്വകാര്യ സ്‌കൂളുകളെ വിലക്കുന്നതിന് പ്രതിബന്ധമായി നിൽക്കുന്ന ഘടകങ്ങൾ വല്ലതുമുണ്ടെങ്കിൽ അതും വ്യക്തമാക്കാനും നിർദ്ദേശം ഉണ്ട്.