കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികൾക്കെതിരേ കർശന നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി താമസിക്കുന്ന വിദേശികളുടെ ഇഖാമ നിയമവിധേയമാക്കാൻ ഇളവുകാലം അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇളവുകാലം നൽകരുതെന്നുമാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ ഖാലിത് അൽ സബാഹിന്റെ നിർദേശമെന്നും പാസ്‌പോർട്ട് പൗരത്വകാര്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേയ്ഖ് മസാൻ അൽ ജാറ അൽ സബാഹ് വ്യക്തമാക്കിയത്.

നിലവിൽ ഇഖാമ നിയമം തെറ്റിച്ച് അനധികൃതമായി താമസിക്കുന്നവർ നിയമപ്രകാരമുള്ള പിഴ അടച്ച് ഇഖാമ നിയമസാധുതയുള്ളതാക്കി മാറ്റണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇഖാമ നിയമസാധുതയുള്ളതാക്കി മാറ്റാതെ അനധികൃതമായി താമസിക്കുന്നവർ പിടിയിലായാൽ വീണ്ടും കുവൈറ്റിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തുമെന്നാണ് ഷെയ്ഖ് മസാൻ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് 1.13 ലക്ഷം വിദേശികളാണ് ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്നതെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നത്.

അതേസമയം ഇഖാമ ഫീസും സന്ദർശക വിസാ ഫീസും വർധിപ്പിക്കാനുള്ള ആലോചനയുണ്ടെന്നും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി പറഞ്ഞു. നിലവിൽ മറ്റു ജിസിസി രാജ്യങ്ങളിലേതിനെക്കാൾ കുറഞ്ഞ ഫീസാണ് കുവൈറ്റിൽ ഇക്കാര്യങ്ങൾക്ക് ഈടാക്കുന്നത്. കൂടാതെ സ്വയം സ്‌പോൺസർഷിപ്പിനുള്ള സൗകര്യവും ഇപ്പോൾ കുവൈറ്റ് അനുവദിക്കുന്നുണ്ടെന്നും  ഷെയ്ഖ് മസാൻ അറിയിച്ചു.