കുവൈറ്റ് സിറ്റി: സ്വദേശിവത്ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിൽ വിദേശികളെ നിയമിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ്. ഗവൺമെന്റ് ബോഡികളിലും മിനിസ്ട്രികളിലും ഇനി മുതൽ വിദേശികൾക്ക് നിയമനം നൽകേണ്ടതില്ലെന്നും നിലവിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഓരോ വർഷവും 25 ശതമാനം പേരെ പിരിച്ചുവിടാനുമാണ് സർക്കാർ തലത്തിൽ സ്വീകരിച്ചിരിക്കുന്ന തീരുമാനം.

വിവിധ മന്ത്രാലയങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റീവ് സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ മാറ്റി സ്വദേശികളെ നിയമിക്കാനാണ് നൽകിയിട്ടുള്ള നിർദ്ദേശം. ഇനി മുതൽ കുവൈത്തികൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള നിയമനങ്ങൾ മാത്രമായിരിക്കണം മന്ത്രാലയങ്ങളിലും ഗവൺമെന്റ് ബോഡികളിലും നടത്തേണ്ടതെന്നാണ് അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.


അതേസമയം മന്ത്രാലയങ്ങൾ ഒഴിവാക്കിയാൽ മെഡിക്കൽ, വിദ്യാഭ്യാസ മേഖലകളിൽ പ്രവാസികളുടെ സേവനം ആവശ്യമാണെന്നും സ്വദേശികൾക്കും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും ബദൂണുകൾക്കും  പഠിപ്പിക്കാൻ സാധിക്കാത്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിദേശി ടീച്ചർമാരെ മാത്രമേ പറഞ്ഞുവിടുകയുള്ളൂവെന്നും മിനിസ്ട്രി ഓഫ്  എഡ്യൂക്കേഷൻ വ്യക്തമാക്കി. മെഡിക്കൽ രംഗത്ത് പ്രത്യേകിച്ച് നഴ്‌സിങ് പോലെയുള്ള മേഖലകളിൽ സ്വദേശികളുടെ സേവനം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടുവരികയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.