കുവൈറ്റിൽ വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാൻ കഴിയാതിരുന്നവർക്ക് പിഴ അടച്ചു തീർക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരു മാസത്തെ സമയം അനുവദിച്ചു. 2014 മുതലുള്ള ട്രാഫിക് പിഴകൾ അടയ്ക്കാനുള്ള സൗകര്യമാണ് ഡിസംബർ 31 വരെ ലഭ്യമാവുക. എന്നാൽ ഗുരുതരമായ ട്രാഫിക് നിയമ ലംഘനം നടത്തിയവർക്ക് ഇത് ബാധകമല്ല. ട്രാഫിക് ഓഫീസുകൾ വഴിയും ഓൺലൈൻ മുഖേനയും പിഴയടക്കാം. ഒരു മാസത്തെ ഇളവിന് ശേഷം ജനുവരി ഒന്ന് മുതൽ നിയന്ത്രണം വീണ്ടും നിലവിൽ വരും.

ട്രാഫിക് പിഴയിൽ കുടിശ്ശിക വരുത്തുന്നവർ ഡാറ്റബേസിൽ ബ്ലോക്ക് ചെയ്യപ്പെടുന്നതിനാൽ സാധാരണ ഗതിയിൽ ഇവർക്ക് പിഴ അടക്കാൻ സാധിച്ചിരുന്നില്ല. ഇതു മൂലം വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാൻ കഴിയാതിരുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുക. ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, അശ്രദ്ധമായി ഓടിച്ച് മറ്റുള്ളവർക്ക് അപകടം വരുത്തൽ, കള്ളടാക്‌സി ഓടിക്കൽ തുടങ്ങിയ കേസുകൾക്കാണ് ഇത് ബാധകമാവാത്തത്. ട്രാഫിക് ബ്ലോക്കുകൾ താൽകാലികമായി നീക്കിയ സംവിധാനം 31 നു പുനഃസ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മേധാവി അറിയിച്ചു. പിഴ അടക്കാൻ വൈകിയത് മൂലം രേഖകൾ പുതുക്കാൻ കഴിയാതിരുന്നവർക്കുള്ള അവസരമാണിത്.

ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയോ ട്രാഫിക് ഓഫീസുകളിൽ നേരിട്ടെത്തിയോ പിഴ ഒടുക്കാവുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലും പിഴ അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പിഴ അടച്ചശേഷം അവിടെ നിന്നുതന്നെ വാഹനം കൊണ്ടുപോകുന്നതിനുള്ള രേഖയും വാങ്ങിക്കാം.

അതേസമയം തസ്തിക മാറ്റം മൂലം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് അസാധുവാകുന്ന നിയമം 2013 ഏപ്രിൽ ഒന്നിന് മുൻപ് ലൈസൻസ് കരസ്ഥമാക്കിയവർക്ക് ബാധകമായിരിക്കില്ലെന്നും ഗതാഗത വകുപ്പ് മേധാവി വ്യക്തമാക്കി. 2013 ഏപ്രിൽ ഒന്നിന് ശേഷം ഇഷ്യു ചെയ്ത ലൈസൻസ് ഉടമകൾ ലൈസൻസിന് അയോഗ്യമായ മറ്റു ജോലികളിലേക്ക് മാറുന്നതോടെ ട്രാഫിക് വിഭാഗത്തിന്റെ കമ്പ്യൂട്ടറുകളിൽ നിന്നും സ്വമേധയാ റദ്ദാക്കപ്പെടും. ഇത്തരം ലൈസൻസുമായി വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതായി കണക്കാക്കി നാടുകടത്തും.