കുവൈറ്റ്: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തിൽ കോടിക്കണക്കിന് ദിനാർ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് (ഡി.സി.ജി.ഡി) നടത്തിയ വ്യാപകമായ പരിശോധനകളിലാണ് വൻതോതിലുള്ള ലഹരി വസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചത്.

ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശാനുസരണം, ഡി.സി.ജി.ഡി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസർദിന്റെയും ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ശൈഖ് ഹമദ് അൽ യൂസഫ് അൽ സബാഹിന്റെയും നേതൃത്വത്തിൽ നടന്ന കിയായ നീക്കങ്ങളിലൂടെയാണ് രാജ്യത്തേക്ക് മയക്കുമരുന്നും മദ്യവും കടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തിയത്.

സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. യുവജനങ്ങളെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഡി.സി.ജി.ഡി പ്രതിജ്ഞാബദ്ധമാണെന്നും, ലഹരി കച്ചവടക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.