- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- Association
ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേര്‍സ് ക്ലബ് നൂറാമത് യോഗം!
കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ആയ ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റു മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ നൂറാമതു യോഗം 2025 ജനുവരി നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് കൂടുകയുണ്ടായി. ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച യോഗത്തിലെ മുഖ്യ ആകര്‍ഷണം, വിഴിഞ്ഞം പോര്‍ട്ട് എം.ഡിയും, കേരളം സര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പ് അദ്ധ്യക്ഷയും, പ്രശസ്ത പ്രഭാഷകയുമായ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐ എ എസ് ആയിരുന്നു.
ക്ലബിന്റെ മുന്‍ അദ്ധ്യക്ഷ ആയിരുന്ന ഷീബാ പ്രെമുഖ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ടോസ്റ്റ് മാസ്റ്റേഴ്‌സ് അംഗങ്ങളായവരും അല്ലാത്തവരുമായ ഏകദേശം 100-ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യാതിഥി ആയ ഡോ. ദിവ്യ, 'മലയാളഭാഷയും പുതിയ തലമുറയും' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണം മലയാള ഭാഷാസ്‌നേഹികള്‍ക്കേവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമായിരുന്നു. ജൈവികവും കാലാനുസൃതവുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളഭാഷ കൂടുതല്‍ പ്രചാരണവും വ്യാപ്തിയും അര്‍ഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞു ചുവട് വയ്ക്കുവാന്‍, കുഞ്ഞുണ്ണി മാഷിനെയും ഒരാഴ്ചയ്ക്ക് മുന്‍പ് കഥാവശേഷനായ എം. റ്റി. വാസുദേവന്‍നായര്‍ എന്നിവരെയും ഭാഷാ ഉപയോഗത്തിലെ പുതു പ്രവണതകളെയും ഉദാഹരിച്ചുകൊണ്ട് ഡോ. ദിവ്യ വിവരിക്കുകയുണ്ടായി.
ഭാഷയുടെ ശോഷണത്തെ കുറിച്ച ആശങ്കപ്പെടുന്ന നമുക്ക് ചെയ്യേണ്ടതായ ലഘു ഗൃഹപാഠം ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ ഏത് മലയാളിയെയും ഉത്‌ബോധിപ്പിക്കുകയും ചെയ്യുന്ന ഒരു മധുരകരമായ വേളയായി മുഖ്യാതിഥിയായ ഡോ. ദിവ്യയുടെ പ്രഭാഷണം.
പ്രഭാഷണത്തെ തുടര്‍ന്ന് ക്രമീകരിച്ചിരുന്ന ലഘു-ചോദ്യോത്തരവേളയില്‍ അതിഥികളും ക്ലബ്ബ് അംഗങ്ങളും മുഖ്യാതിഥിയുമായി തങ്ങളുടെ ചോദ്യങ്ങളുമായി തുറന്ന് സംവദിക്കുവാനുള്ള അവിസ്മരണീയമായ ഒരു അവസരവുമായി മാറി.
തുടര്‍ന്ന് ക്ലബ്ബിന്റെ വിദ്യാഭ്യാസ ഉപാദ്ധ്യക്ഷന്‍ ആയ പ്രശാന്ത് കവളങ്ങാട് പിന്നിട്ട നാള്‍വഴികളെ കുറിച്ച് ഹൃസ്വമായി അവതരിപ്പിക്കുകയുണ്ടായി. അംഗങ്ങളുടെ കുടുംബാംഗങ്ങളായ വചന്‍ പ്രമുഖ്, കാര്‍ത്തിക് നാരായണന്‍, മല്ലികാലക്ഷ്മി എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരും ഒരു പോലെ ആസ്വദിച്ചു. സുവി അജിത് അവതാരക ആയിരുന്ന യോഗത്തില്‍ ക്ലബ്ബിന്റെ അധ്യക്ഷനായിരുന്ന ഷബീര്‍ സി. എച്ച് ഏവരെയും സ്വാഗതം ചെയ്യുകയും, മുന്‍ അദ്ധ്യക്ഷന്‍ ആയിരുന്ന ബിജോ പി, ബാബു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. വിശിഷ്ട ടോസ്സ്റ്റ്മാസ്റ്റര്‍ പ്രേമുഖ് ബോസ്, സുനില്‍ എന്‍ എസ് എന്നിവര്‍ ആഘോഷസമാനമായ നൂറാം യോഗം വിജയിപ്പിക്കുന്നതില്‍ നേതൃത്വം നല്‍കി.
നേതൃത്വപാടവവും ആത്മവിശ്വാസവും മാതൃഭാഷയില്‍ ആശയ വിനിമയ ശേഷിയും വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവരും പ്രഭാഷണകലയില്‍ മികച്ച മുന്നേറ്റം നടത്തുവാനും താല്പര്യമുള്ള, മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഏവരെയും ഭവന്‍സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മാസത്തില്‍ 2 യോഗങ്ങള്‍ വീതം സംഘടിപ്പിക്കാറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 99024673