കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കണ്ണൂര്‍, കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തിയിരുന്ന സര്‍വീസുകള്‍ വിന്റര്‍ ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നിര്‍ത്തലാക്കിയിരിക്കുകയാണ്. മലബാറിലെ പ്രവാസികള്‍ക്ക്, വിശിഷ്യ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് കൂടുതല്‍ യാത്രാദുരിതം ഉണ്ടാക്കുന്ന ഇത്തരം നടപടിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പിന്മാറണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാനേജ്‌മെന്റിന് നല്‍കിയ നിവേദനത്തിലൂടെ ഫോക്ക് ആവശ്യപ്പെട്ടു.

പോയന്റ് ഓഫ് കാള്‍ പദവിയില്ലാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് മാത്രമേ വിദേശത്തേക്ക് നേരിട്ട് യാത്രാനുമതിയുള്ളൂ എന്ന സാഹചര്യം നിലനില്‍ക്കേ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കുവൈത്തിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് നിര്‍ത്തലാക്കിയത് കണ്ണൂരിലേക്കുള്ള യാത്രക്കാരെ ഗുരതരമായി ബാധിക്കുന്ന പ്രശ്‌നമായി മാറിയിയിരിക്കുകയാണ്.

ഈ വിഷയത്തില്‍ കേന്ദ്ര / കേരള സര്‍ക്കാരുകള്‍ ഇടപെട്ട് അടിയന്തിര പരിഹാരം കാണുവാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നും ഇതിനെതിരെ പ്രവാസലോകത്തുനിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും ഫോക്ക് പ്രസിഡന്റ് ലിജീഷ് പി, ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് യു. കെ എന്നിവര്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.