കുവൈത്ത് സിറ്റി : ഇസ്ലാം ആത്മീയ- ഭൗതിക ആവശ്യങ്ങളുടെ അനന്യമായ പൂരണമാണെന്ന പ്രഖ്യാപനം നോമ്പ് വെളിപ്പെടുത്തുന്നുവെന്ന് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അഹ് ലന്‍ വ സഹ് ലന്‍ യാ റമളാന്‍ സംഗമം വിളിച്ചോതി. സംഗമം സല്‍സബീല്‍ അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് ഈദ് ഹായിസ് അല്‍മുതൈരി ഉദ്ഘാടനം ചെയ്തു.

വിശുദ്ധ റമളാന്‍ പരസ്പര സഹവര്‍ത്തിത്വം നിലനിര്‍ത്താനുള്ള പാഠശാലയാണെന്നും ലോക സന്മാര്‍ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനുമായി കൂടുതല്‍ അടുക്കാനും വിശുദ്ധ ജീവിതത്തിനും വിശ്വാസി സമൂഹം തയ്യാറാകണമെന്ന്ഈദ് ഹായിസ് അല്‍ മുതൈരി ഉദ്ഘാടന ഭാഷണത്തില്‍ സൂചിപ്പിച്ചു. ആത്മാവിന്റെ അതിര്‍ലംഘനം സന്യാസ ജീവിതത്തിന്റെ തടവറയിലേക്ക് നയിക്കുന്നു.

നോമ്പ് അതിന്റെ നിയമാതിര്‍ത്തികളുടെ വേലികള്‍ കൊണ്ട് അതിര്‍ലംഘനത്തിന് തടയിടുന്നുവെന്ന് സംഗമത്തില്‍ ക്ലാസെടുത്ത അബ്ദുല്‍ അസീസ് സലഫി പറഞ്ഞു.. ആ ത്മീയതയുടെ അതിര്‍ത്തി രേഖകള്‍ സകലതും അതിര്‍ലംഘിച്ചു കലാപമുയര്‍ത്താനുള്ള ദേഹത്തിന്റെ പ്രവണതയ്ക്ക് നോമ്പ് കൂച്ചുവിലങ്ങിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഡോ. അമീര്‍, മുസ്തഫ കാരി, അബ്ദുറഹിമാന്‍ അന്‍സാരി, ഹംസ പയ്യന്നൂര്‍, ശബീര്‍ മണ്ടോലി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും അയ്യൂബ് ഖാന്‍ മാങ്കാവ് നന്ദിയും പറഞ്ഞു. ബിന്‍സീര്‍ ഖിറാഅത്ത് നടത്തി.