കുവൈത്ത് സിറ്റി : ശാരീരികവും മാനസികവുമായ ഒരുപാടു മാറ്റങ്ങള്‍ക്കു വിധേയമാകുന്ന പ്രായമാണ് ടീനേജെന്നും കുട്ടിയുടെ പഠിത്തത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം ആത്മാഭിമാനമുള്ള ഒരു വ്യക്തിയായി വളരാന്‍ അവരെ സഹായിക്കണമെന്ന് യുവ മോഡിവേറ്ററും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റുമായ റിഹാസ് പുലാമന്തോള്‍ വിശദീകരിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എം സാല്‍മിയ ഐ.ഐ.സി ഹാളില്‍ സംഘടിപ്പിച്ച ലെവലപ്പ് ചേസ് ഗോള്‍സ് നോറ്റ് ലിമിറ്റ്‌സ് എന്ന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയത്തില്‍ തളര്‍ന്നുപോകാതെ വിജയത്തിലേക്കു മുന്നേറാനുള്ളതാണ് ജീവിതമെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. തെറ്റുകള്‍ കണ്ടാല്‍ ശിക്ഷിക്കുന്നതുപോലെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ മക്കളെ അഭിനന്ദിക്കാനും മടിക്കരുത്. തുറന്നു സംസാരിക്കുക വഴി കുട്ടികള്‍ അനുഭവിക്കുന്ന പല ആകുലതകളും മനസ്സിലാക്കാന്‍ കഴിയും. വീട്ടിലെ കാര്യങ്ങളെല്ലാം മക്കളോട് സംസാരിക്കുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്യുക. പരിഗണിക്കപ്പെടുന്ന ഒരാള്‍ തന്നെയാണ് താന്‍ എന്ന തോന്നല്‍ കുട്ടികളില്‍ വളര്‍ത്താന്‍ ഇത് സഹായിക്കും - റിഹാസ് സൂചിപ്പിച്ചു.

സംഗമം കിസ്ര്‍ റിസര്‍ച്ച് സെയറ്റിസ്റ്റ് ജാഫര്‍ അലി പാറോള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെക്രട്ടറി നബീല്‍ ഫറോഖ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതം പറഞ്ഞു