കുവൈറ്റ് സിറ്റി: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ ഏഴാമത് വാര്‍ഷികവും, പ്രവാസി എക്‌സലെന്‍സ് അവാര്‍ഡ്ദാനവും കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നവംബര്‍ 13 വ്യാഴാഴ്ച കുവൈറ്റ് സിറ്റിയിലെ കോസ്റ്റ ഡെല്‍സോള്‍ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങിന് കേരള സര്‍ക്കാര്‍ - ലോക കേരള സഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡന്റുമായ ബാബു ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥികളായി പ്രശസ്ത സംവിധായകന്‍ ബ്ലെസ്സി, ഐഎസിസികെ രക്ഷാധികാരിയും കുവൈറ്റ് സ്‌പെഷ്യല്‍ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്ലി എന്നിവര്‍ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഐഎസിസികെ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി സംഘടനാ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു.

വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിന് അഫ്‌സല്‍ ഖാന്‍ മേപ്പത്തൂര്‍, അബ്ദുള്‍ അസീസ് മാട്ടുവയല്‍, ചെറുവത്തേരി മാണി പ്രമോദ്, ഡോ.എബ്രഹാം തോമസ്, മഹസര്‍ എ റഹീം എന്നിവരെ പ്രവാസി എക്‌സലെന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ ഫലകവും സംവിധായന്‍ ബ്ലെസ്സി പ്രശംസാ പത്രവും കൈമാറി. അല്‍ ദോസ്തൂര്‍ ലോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രശസ്ത കുവൈറ്റി അഭിഭാഷകനുമായ ഡോ. തലാല്‍ താക്കി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സുസോവ്‌ന സുജിത്ത് നായര്‍ എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.

അറബ് സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന സൗസന്‍ ( എച്ച് ഇ സുഡാനീസ് അംബാസഡറുടെ പത്‌നി),കുവൈറ്റി സാമൂഹിക പ്രവര്‍ത്തക ഹുവൈത അല്‍ ജീലാനി ഉള്‍പ്പടെയുള്ള വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും പരിപാടികളില്‍ പങ്കെടുത്തു, പ്രിന്‍സ് കൊല്ലപ്പിള്ളില്‍ , അരുള്‍ രാജ് കെ വി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി പ്രോഗ്രാം കണ്‍വീനര്‍ ഷൈജിത്ത്.കെ സ്വാഗതവും ഐഎസിസികെ ട്രഷറര്‍ ബിജു സ്റ്റീഫന്‍ നന്ദിയും രേഖപ്പെടുത്തി.