കുവൈറ്റ് സിറ്റി: പ്രവാസികളോടുള്ള നികുതിവിവേചനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ അടിയന്തര ഇടപെടല്‍

ആവശ്യപ്പെട്ട് ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സീസ്, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍, പ്രിന്‍സ് കൊല്ലപ്പിള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ഭാരവാഹികള്‍ നിവേദനം കൈമാറിയപ്പോഴാണ് ഹ്രസ്വ സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തിയ ജോസ് കെ മാണി എം.പി. വിഷയം അടിയന്തിരമായി ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അറിയിച്ചത്. 2024 ല്‍ കൊണ്ടുവന്ന ധനകാര്യ നിയമത്തില്‍ ഇന്ത്യയില്‍ താമസിക്കുന്നവരെയും പ്രവാസികളെയും വ്യത്യസ്തരായികാണുന്ന നയം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും അടിയന്തിരമായി ഈ വിവേചനം അവസാനിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപെട്ടിട്ടുണ്ട്.

ഇന്ത്യയിലെ വസ്തുകൈമാറ്റം ചെയുമ്പോഴുണ്ടാകുന്ന വരുമാനത്തില്‍ പ്രവാസികള്‍ കൂടുതലായി വരുമാന നികുതി നല്‍കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരെ വ്യത്യസ്തരായി കാണുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും മറ്റുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡണ്ട് അഡ്വ. ജോസ് എബ്രഹാമും ലീഗല്‍ സെല്ലിനായി കേന്ദ്ര സര്‍ക്കാരില്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. പ്രവാസ മേഖലയില്‍ വന്‍ പ്രതിഷേധം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഈ നയം അടിയന്തിരമായി പിന്‍വലിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.