കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മദ്രസ്സകളുടെ സ്‌പോര്‍ട്‌സ് ഫെസ്റ്റ് വഫ്രയിലെ വിശാലമായ ഫാം ഹൗസില്‍ വര്‍ണാഭമായി സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തില്‍ അബ്ബാസിയ മദ്രസ്സ ഓവറോള്‍ ചാമ്പ്യന്മാരായി. സാല്‍മിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീല്‍ മദ്രസ്സ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിവിധങ്ങളായ മത്സരത്തിന് നൂറ് കണക്കിന് വിദ്യാര്‍ത്ഥി കുരുന്നുകളാണ് മാറ്റുരച്ചത്. വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റിനു കേരളം ജംഇയത്തുല്‍ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാന്‍ മദനി, ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലിം, ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.

ഓപ്പണ്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജുമുഅ ഖുതുബയ്ക്ക് സുലൈമാന്‍ മദനി നേതൃത്വം നല്‍കി. വിദ്യഭ്യാസ സെക്രട്ടറി നബീല്‍ ഹമീദ്, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് ജംഷിദ് എടവണ്ണ, മുഹമ്മദ് കെ സി, മുനീര്‍ കൊണ്ടോട്ടി, ഷുഐയ്ബ് നേലേബ്ര, അബ്ദുല്‍ ഗഫൂര്‍ ഹവല്ലി, റഹീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്മാരായി ആബിസ് അഹമ്മദ് നവാസ് (ഫഹാഹീല്‍ മദ്രസ) , ഫെല്ല ഫാത്തിമ (സാല്‍മിയ മദ്രസ) എന്നിവരെ തെരെഞ്ഞെടുത്തു. കിഡ്‌സ് വിഭാഗത്തില്‍ നൂഹ് അല്‍ത്താസ് ഹസന്‍ (സാല്‍മിയ മദ്രസ),സീനിയര്‍ വിഭാഗത്തില്‍ മന്‍ഹ ഫാത്തിമ (സാല്‍മിയ മദ്രസ), സബ് ജൂനിയര്‍ വിഭാഗത്തില്‍ ബയാന്‍ റിഥ്വാന്‍ (അബ്ബാസിയ മദ്രസ ) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.രക്ഷിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു.വിജയികള്‍ക്ക് അബൂബക്കര്‍ സിദ്ധീഖ് മദനി, യൂനുസ് സലീം, സുലൈമാന്‍ മദനി എന്നിവര്‍ മെഡലുകള്‍ വിതരണം ചെയ്തു.