കുവൈറ്റ് സിറ്റി: പ്രവാസികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട എയര്‍സേവ പോര്‍ട്ടല്‍ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

വിമാനയാത്രക്കാരുടെ പ്രശ്‌നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയര്‍സേവ പോര്‍ട്ടല്‍ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായ ഫ്‌ലൈറ്റ്ക്യാന്‍സലേഷനുകളെ തുടര്‍ന്ന് റീഫണ്ടും കോമ്പന്‍സേഷനും മറ്റും കിട്ടുന്നതിന് എയര്‍സേവ പോര്‍ട്ടല്‍ സഹായകരമല്ലെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ അടിയന്തിര നടപടി സ്വീകരിക്കുവാനായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവര്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം 27ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാകുന്നതിനായി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയെ കോടതി അലക്ഷ്യ ഹര്‍ജിയുമായി സമീപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ തീരുമാനം കോടതിയെ അറിയിച്ചത്.

എയര്‍സേവ പോര്‍ട്ടലില്‍ ഉണ്ടായ സാങ്കേതീക പ്രശ്‌നം പരിഹരിച്ചതായും കൂടുതല്‍ ശ്രദ്ധയോടെയും ഉയര്‍ന്ന മേല്‍നോട്ടത്തിലൂടെയും പോര്‍ട്ടല്‍ ഇപ്പോള്‍ സുശക്തമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു. പെട്ടെന്നു തന്നെ പ്രശ്ന പരിഹാരത്തിനായി കൂടുതല്‍ നടപടികള്‍ എടുത്തുവരുന്നതായും എയര്‍സേവ പോര്‍ട്ടല്‍ നിലവില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതായും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വിമാനയാത്രക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വ്യോമയാന മന്ത്രാലയം കൊണ്ടുവന്ന എയര്‍സേവ പോര്‍ട്ടല്‍ തുടക്കകാലത്തില്‍ വന്‍വിജയമായിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി കാര്യക്ഷമമല്ലാതാവുകയായിരുന്നു.

ഫ്‌ലൈറ്റ്ക്യാന്‍സലേഷനുകളെ തുടര്‍ന്ന് റീഫണ്ടും കോമ്പന്‍സേഷനും മറ്റും കിട്ടുന്നതിന് ഇന്ത്യയില്‍ കണ്‍സ്യൂമര്‍ കോടതിയിലും മറ്റും ഹര്‍ജി നല്‍കുന്നത് പ്രവാസികളെ സംബന്ധിച്ചു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. മനസ് ഹമീദ്, അഡ്വ. സാറ ഷാജി, അഡ്വ. ബേസില്‍ ജോണ്‍സണ്‍ എന്നിവരാണ് പ്രവാസി ലീഗല്‍ സെല്ലിനായി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്.

ഡല്‍ഹിഹൈക്കോടതി ഇടപെടലും കേന്ദ്ര വ്യോമയാന മന്ത്രാലയ നടപടികളും സ്വാഗതം ചെയ്യുന്നതായും പ്രവാസികളുടെ യാത്രപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തുടര്‍ന്നും ഇടപെടലുകള്‍ നടത്തുമെന്നും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ഭാരവാഹികളായ ബിജു സ്റ്റീഫന്‍, ഷൈജിത്ത്.കെ എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.