കുവൈറ്റ് - പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ ,കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അല്‍ ദോസ്തൗര്‍ ലോ ഗ്രൂപ്പുമായി ധാരണാപത്രം

ഒപ്പുവച്ചു. ചടങ്ങില്‍ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രമുഖ കുവൈറ്റി അഭിഭാഷകന്‍ ഡോ തലാല്‍ താക്കി പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.

2019 ഡിസംബറിലാണ് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്.പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി നിയമമനുസരിച്ച് കൂടുതല്‍ കുവൈറ്റിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ ലഭ്യമാകും എന്നതാണ് പ്രത്യേകത സേവനങ്ങള്‍ക്കായി +965 41105354 , +965 97405211 എന്നീ മൊബൈല്‍ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച് ,ലോക്ക് ഡൗണിനെ തുടര്‍ന്ന് റദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും വിമാന കമ്പനികള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് , പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍ധനരായ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട്, കുവൈറ്റ്‌പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ,കോവിഡ്-19 രോഗമല്ലാത്ത കാരണത്താല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട പ്രവാസിഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി, പ്രവാസി ഗര്‍ഭിണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ വിവിധ കേസ്സുകള്‍ സുപ്രീം കോടതിയിലും,കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയും, പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും,കേരള പ്രവാസി ക്ഷേമനിധിയുടെ പ്രായ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടും കേരള ഹൈക്കോടതിയിലും ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസ്സുകള്‍ നടത്തി പ്രവാസികള്‍ക്ക് അനുകൂലമായ വിധികള്‍ നേടിയത് പ്രവാസി ലീഗല്‍ സെല്ലാണ്.

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരിരക്ഷ നല്‍കണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധി, വിദേശത്തേക്കുള്ള തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രവാസി ലീഗല്‍ സെല്ലിന് ലഭിച്ച അനുകൂല വിധിയുടെ ഭാഗമായി കേരളാ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പ്രാബല്യത്തില്‍ വന്നത്,

62 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം- 'കേരള പ്രവാസി ക്ഷേമപദ്ധതി, 2009'-ന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റിഷന്‍ ഉള്‍പ്പെടെയുള്ള നിയമപരമായ ഇടപെടലുകള്‍ തുടര്‍ച്ചയായി ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം( സുപ്രീം കോടതി എ ഒ ആര്‍ ) ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.

കുവൈറ്റിലും കഴിഞ്ഞ അഞ്ച് കാലയളവില്‍ ധാരാളം പ്രവാസികള്‍ക്ക് ലീഗല്‍ സെല്‍വഴി നിയമപരമായ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രവാസി ലീഗല്‍ സെല്ലിന്റെ കീഴില്‍ ഇന്ത്യയിലും സൗജന്യ നിയമ സഹായം നല്‍കി വരുന്നുണ്ട്. പ്രവാസി ലീഗല്‍ സെല്ലിന്റെ അഞ്ചാം വാര്‍ഷിക വേളയില്‍ മവാസീന്‍ ലീഗല്‍ കൗണ്‍സിലിംഗ് & അറ്റോര്‍ണീസ് ഗ്രൂപ്പുമായും ധാരണ പത്രം ഒപ്പു വച്ചിരുന്നു