കുവൈത്ത് സിറ്റി : സമൂഹത്തിന്റെ അടിത്തറയാണ് കുടുംബമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കെ.എന്‍ സുലൈമാന്‍ മദനി. റിഗ്ഗായ് ഔക്കാഫ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ആദര്‍ശ കുടുംബ സംഗമത്തല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തിയുടെ മാനസിക, ശാരീരിക, ബുദ്ധിപര, ആത്മീയ വളര്‍ച്ച എന്നിവയ്ക്ക് പ്രധാന വേദിയാണ് കുടുംബം. കുട്ടികളുടെ ഭാഷ, സ്വഭാവം, പെരുമാറ്റം തുടങ്ങിയവ കുടുംബാന്തരീക്ഷത്തില്‍ തന്നെയാണ് രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ കുടുംബം മതബോധത്തിന്റെ പ്രാഥമിക വിദ്യാലയമാണ്.

ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ മാതൃകാകുടുംബത്തിന്റെ മുഖ്യ സവിശേഷത, തൗഹീദിലും ഇബാദത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുന്നതാണ്. ഏകദൈവവിശ്വാസം കുടുംബജീവിതത്തിന് ആത്മീയ ബലവും ആത്മീയ ഏകതയും നല്‍കുന്നു. മാതാപിതാക്കള്‍ തൗഹീദിന്റെയും ഇമാനിന്റെയും പ്രഥമ പാഠം കുട്ടികള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വമുള്ളവരാണ്.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. ഈ ദിവ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ശരിയായ ദിശാബോധം നല്‍കുന്നു. അതനുസരിച്ചുള്ള ജീവിതം ചെറുപ്പം മുതല്‍ തന്നെ കുട്ടികള്‍ക്ക് പരിശീലിപ്പിക്കേണ്ടതാണ്.

ഇസ്ലാം തര്‍ബിയ്യയ്ക്ക് (ധാര്‍മികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയ്ക്ക്) വലിയ പ്രാധാന്യം നല്‍കുന്നു. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠനം, ഇസ്ലാമിക അറിവ്, നല്ല സ്വഭാവം, ശീലങ്ങള്‍ എന്നിവ കുടുംബത്തില്‍ നിന്നും ലഭിക്കണം. കൂടാതെ, അവരുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കി വിദ്യാഭ്യാസത്തിലും സാമൂഹിക ഉത്തരവാദിത്തത്തിലും മുന്നോട്ട് നയിക്കുക മാതാപിതാക്കളുടെ കടമയാണ്.

ഇന്നത്തെ കാലഘട്ടത്തില്‍ കുടുംബജീവിതം നിരവധി വെല്ലുവിളികള്‍ നേരിടുന്നു. മാധ്യമങ്ങളുടെ അനിയന്ത്രിത ഇടപെടല്‍, സാമൂഹ്യമാധ്യമങ്ങളുടെ അമിതോപയോഗം, ഉപഭോഗവാദം, അനാചാരങ്ങള്‍, മതബോധത്തിന്റെ കുറവ് തുടങ്ങിയവ അവയില്‍ ചിലതാണ്. ഈ സാഹചര്യത്തില്‍, മാതാപിതാക്കള്‍ ടെക്‌നോളജി ഉപയോഗത്തില്‍ മാതൃകയാകുകയും കുടുംബസമയം സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സുലൈമാന്‍ മദനി വിശദീകരിച്ചു.

ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡറ് അബ്ദുല്‍ അസീസ് സലഫി, സെക്രട്ടറി അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. ആമിര്‍ അനസ് ഖിറാഅത്ത് നടത്തി.