19 വയസ്സിന് താഴെയുള്ള 520 കിലോ വിഭാഗത്തില്‍ നടന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മഹാരാഷ്ട്ര ടീമിനെ പരാജയപ്പെടുത്തിയാണ് കുവൈറ്റിലെ കുട്ടികള്‍ ചരിത്രമെഴുതിയത്. 13 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ ശക്തരായ മഹാരാഷ്ട്ര ടീമിനോട് കടുത്ത പോരാട്ടം നടത്തി, കുവൈറ്റിലെ കുരുന്നുകള്‍ വെള്ളി മെഡല്‍ നേടി. അതേസമയം, 15 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന എല്ലാ മത്സരങ്ങളിലും ശക്തരായ എതിരാളികളെ വിറപ്പിച്ചുകൊണ്ട് കുവൈറ്റ് ടീം വെങ്കല മെഡല്‍ സ്വന്തമാക്കി.

കുവൈത്ത് എന്‍ആര്‍ഐ ടീമിനെ പ്രതിനിധീകരിച്ച് ഭാവന്‍സ് സ്‌കൂള്‍, യുണൈറ്റഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകദേശം 75 പ്രവാസി വിദ്യാര്‍ത്ഥി താരങ്ങളും 10 ഓളം ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കുവൈത്ത് എന്‍ആര്‍ഐ ഫെഡറേഷന്‍ ടീം ആദ്യമായാണ് ഇന്ത്യയില്‍ ഔദ്യോഗിക ദേശീയ ടൂര്‍ണമെന്റില്‍ വടംവലി ടീമുമായി പങ്കെടുത്തത്.

ആദ്യ അവസരത്തില്‍ തന്നെ കാഴ്ചവച്ച മിന്നുന്ന പ്രകടനം കായിക പ്രേമികളെ അത്ഭുതപ്പെടുത്തിയതായി ടഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ശ്രീ. മദന്‍ മോഹന്‍ സമ്മാനദാന ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ലോക പ്രവാസി സമൂഹത്തിന് തന്നെ വലിയ വഴിത്തിരിവാകുന്ന ഈ കായിക സംരംഭത്തിന് നേതൃത്വം നല്‍കിയ കുവൈറ്റ് NRI ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ. ഡി.കെ. ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന് യാത്രയയപ്പ് ചടങ്ങില്‍ ഭാവന്‍സ് സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീ. രാമചന്ദ്ര മേനോന്‍ പറഞ്ഞു. ഈ നേട്ടം പ്രവാസി കായിക മേഖലക്ക് പുതിയ മാനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയവുമായി മടങ്ങിയെത്തിയ ടീമിനെ വരവേല്‍ക്കാനെത്തിയ കുവൈറ്റ് NRI ടഗ് ഓഫ് വാര്‍ അസോസിയേഷന്‍, തനിമ കുവൈറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പൗരസമൂഹം താരങ്ങള്‍ക്ക് വന്‍ സ്വീകരണം നല്‍കും. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ബാബുജി ബത്തേരി, ട്രഷറര്‍ ശ്രീ. ബിനോയ് വര്‍ഗീസ് എന്നിവര്‍ ടീമിന് ആശംസകള്‍ അറിയിച്ചു.