കുവൈറ്റ്: കുവൈറ്റിൽ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ പ്രവാസി വീട്ടുജോലിക്കാരി അറസ്റ്റിൽ. ഒന്നര വയസ്സുള്ള സ്വദേശി കുട്ടിയാണ് അതിദാരുണമായി മരിച്ചത്. ക്രൂരമായ സംഭവത്തിന്‍റെ ഞെട്ടലിലാണ് കുവൈത്ത് സമൂഹം. ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് അറസ്റ്റിലായത്.

മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ ഒരു വീട്ടിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തുകയും കുഞ്ഞിനെ ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പ്രവാസി വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പോലീസും ഡിറ്റക്ടീവ് ഉദ്യോഗസ്ഥരും കേസില്‍ വിശദമായ അന്വേഷണം തുടങ്ങി.