- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
ബുധനാഴ്ച മുതൽ കുവൈറ്റിലെ കാലാവസ്ഥ മുഴുവൻ മാറും; മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പും; ജനങ്ങൾ സൂക്ഷിക്കണമെന്ന് അധികൃതർ
കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച മുതൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെടുമെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മുതൽ രാജ്യം ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലായിരിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി വ്യക്തമാക്കി. താരതമ്യേന ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുപ്രവാഹവും തെക്കുകിഴക്കൻ കാറ്റും മഴയ്ക്കും ചിലയിടങ്ങളിൽ പൊടിക്കാറ്റ് ഉയർത്താനും കാരണമാകും.
ബുധനാഴ്ച വൈകുന്നേരം വരെ താപനിലയിൽ നേരിയ വർധനവ് പ്രവചിക്കുന്നുണ്ടെങ്കിലും, ചൊവ്വാഴ്ച രാത്രിയോടെയെത്തുന്ന ഉയർന്ന മർദ്ദത്തിലുള്ള തണുത്ത വായുപ്രവാഹം സ്ഥിതിഗതികളിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിവെക്കും. മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിക്കാറ്റിനും കടലിൽ ആറ് അടിയിലധികം ഉയരമുള്ള തിരമാലകൾക്കും കാരണമായേക്കാം.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില ഗണ്യമായി കുറയും. ഈ ദിവസങ്ങളിൽ പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമ്പോൾ, കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസ് മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ പകൽ സമയങ്ങളിൽ മിതമായ തണുപ്പും രാത്രികാലങ്ങളിൽ കടുത്ത തണുപ്പും അനുഭവപ്പെടും. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.




