കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ എഞ്ചിൻ പ്രവർത്തിപ്പിച്ച് നിർത്തിയിട്ട പ്രവാസിയുടെ കാർ മോഷ്ടിച്ച കേസിൽ കുവൈത്ത് സ്വദേശിയായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോഷണം പോയ കാർ ഉപേക്ഷിച്ചതായി പ്രതി സമ്മതിച്ചെങ്കിലും എവിടെയാണെന്ന് ഓർമ്മയില്ലെന്ന വിചിത്രമായ വാദമാണ് ഇയാൾ ഉന്നയിക്കുന്നത്. വാഹനം അശ്രദ്ധമായി പൊതുസ്ഥലത്ത് നിർത്തിയിട്ടതിന് വാഹന ഉടമയായ പ്രവാസിക്കെതിരെ ട്രാഫിക് നിയമലംഘനത്തിന് പോലീസ് പിഴ ചുമത്തുകയും ചെയ്തു.

സാൽമിയ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറത്ത് തന്‍റെ 2010 മോഡൽ ജാപ്പനീസ് കാർ എഞ്ചിൻ ഓൺ ചെയ്ത നിലയിൽ നിർത്തി കടയിലേക്ക് പോവുകയായിരുന്നു ഏഷ്യൻ വംശജനായ പ്രവാസി. വെറും നാല് മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോഴേക്കും കാർ കാണാതാവുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒരു സർക്കാർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്ന കുവൈത്ത് സ്വദേശിയായ ഉദ്യോഗസ്ഥനാണ് കാർ മോഷ്ടിച്ചത്. സ്റ്റാർട്ട് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ താൻ വാഹനം എടുക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. അൽപ്പനേരം ഓടിച്ച ശേഷം കാർ ഒരിടത്ത് ഉപേക്ഷിച്ചുവെന്നും എന്നാൽ എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഓർമ്മയില്ലെന്നുമാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്.