കുവൈറ്റില്‍ അറുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. 2025 സെപ്റ്റംബര്‍ 5-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് എന്‍.ഇ.സി.കെ.യിലെ കെ.ടി.എം.സി.സി. ഹാളില്‍ നടന്ന സ്‌തോത്രശുശ്രൂഷയോടെയാണ് വര്‍ഷാന്തര പരിപാടികള്‍ ആരംഭിച്ചത്.

ഇടവക വികാരി റവ. സിബി പി.ജെ നേതൃത്വം നല്‍കി.സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാം യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു, വജ്രജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി.

ആഘോഷങ്ങളുടെ ഭാഗമായി ഇടവക ഏറ്റെടുത്തിരിക്കുന്ന വിവിധ പദ്ധതികള്‍ ജനറല്‍ കണ്‍വീനര്‍ കുരുവിള ചെറിയാന്‍ അവതരിപ്പിച്ചു. ''ദൈവത്തിന്റെ വിശ്വസ്തത തലമുറകളിലൂടെ'' എന്ന വജ്രജൂബിലി തീമും ലോഗോയും ഉദ്ഘാടന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. പ്രവാസജീവിതത്തില്‍ ഇടവകയോടൊപ്പം 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു.

പൗരോഹിത്യത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ സഭയുടെ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാമിനെ ഇടവക ആദരിച്ചു .വജ്രജൂബിലി ലോഗോയും തീം സോങ്ങും രചിച്ച് അവതരിപ്പിച്ച റെക്‌സി ചെറിയാന്‍, ലിന്‍സ് വര്‍ഗീസ്, ലിനു പി. മാണികുഞ്ഞ് എന്നിവരെയും ആദരിച്ചു.വജ്രജൂബിലി പ്രോജക്ടിലേക്കുള്ള ആദ്യ സംഭാവനകള്‍ ജോര്‍ജ് വര്‍ഗീസ്, തോമസ് ജോണ്‍ എന്നിവര്‍ ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാമിന് കൈമാറി.

റവ. ബിനു എബ്രഹാം (കെ.ഇ.സി.എഫ്. പ്രസിഡന്റ്), റവ. കെ.സി. ജോര്‍ജ്, റോയ് കെ .യോഹന്നാന്‍ (എന്‍.ഇ.സി.കെ. സെക്രട്ടറി), വര്‍ഗീസ് മാത്യു (കെ.ടി.എം.സി.സി. പ്രസിഡന്റ്), അജോഷ് മാത്യു (കെ.ടി.എം.സി.സി. സെക്രട്ടറി), സജു വാഴയില്‍ തോമസ് (എന്‍.ഇ.സി.കെ. കോമണ്‍ കൗണ്‍സില്‍ അംഗം), ജോര്‍ജ് വര്‍ഗീസ് (സഭ അല്‍മായ ട്രസ്റ്റി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ലിനു പി. മാണികുഞ്ഞിന്റെ നേതൃത്വത്തില്‍ ഇടവക കൊയര്‍ ഗാനങ്ങള്‍ ആലപിച്ചു.സിജുമോന്‍ എബ്രഹാം സ്വാഗതവും ബിജു സാമുവേല്‍ നന്ദിപ്രസംഗവും നടത്തി.