- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുജോലിക്കാരിയെ സ്പോൺസറുടെ ഭാര്യ പീഡിപ്പിച്ചത് ക്രൂരമായി; യുവതി മരിച്ചതോടെ കുറ്റം മറയ്ക്കാൻ ശ്രമവും; കുവൈറ്റിൽ സ്വദേശി യുവതിക്ക് വധശിക്ഷ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശി യുവതിക്ക് വധശിക്ഷ. ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. കുറ്റം മറച്ചുവെച്ചതിന് ഇവരുടെ ഭർത്താവിന് നാല് വർഷം തടവുശിക്ഷ നൽകാനും കോടി ഉത്തരവിട്ടു. 2019ൽ നടന്ന സംഭവത്തിൽ ഒരു വർഷം പിന്നിടുമ്പോഴാണ് കോടതി ശിക്ഷ വിധിച്ചത്.
2019 ഡിസംബർ 28നാണ് ഫീലീപ്പിൻസുകാരിയായ യുവതി കൊല്ലപ്പെടുന്നത്. കൃത്യം നടന്ന് ഒരു വർഷം പൂർത്തിയായപ്പോഴാണ് ക്രിമിനൽ കോടതിയുടെ സുപ്രധാന വിധി വന്നത്. കേസിൽ ഫിലിപ്പീൻസ് എംബസിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും വിധി പ്രഖ്യാപിച്ച കോടതിക്കും ഫിലിപ്പീൻസ് സ്ഥാനപതി മുഹമ്മദ് നൂർദിൻ പെൻഡോസിന നന്ദി അറിയിച്ചു.
ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയെ ഉടമസ്ഥയായ വനിത നിരന്തരം മർദ്ദിക്കുമായിരുന്നു. ദിവസങ്ങളോളം വീട്ടുജോലിക്കാരിയെ സ്വദേശി സ്ത്രീ മർദ്ദിക്കുകയും മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇവർക്ക് വേണ്ട ചികിത്സയും നൽകിയിരുന്നില്ല. അതിനിടയിൽ യുവതി മരിച്ചതോടെ ബോധരഹിതയായെന്ന് കരുതി സ്പോൺസർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മർദ്ദനമേറ്റ് മരിച്ച ഫിലിപ്പീൻസ് യുവതിയുടെ മൃതദേഹം സ്വദേശി സ്ത്രീയുടെ ഭർത്താവാണ് സബാഹ് ആശുപത്രിയിലെത്തിച്ചത്. മൃതശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്നാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫിലിപ്പീൻസ് ജോലിക്കാരിയെ തന്റെ ഭാര്യ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും യുവതി ബോധരഹിതയാകുന്നത് വരെ മർദ്ദനം തുടർന്നിരുന്നെന്നും ചോദ്യം ചെയ്യലിൽ സ്പോൺസറായ ഭർത്താവ് വെളിപ്പെടുത്തി. യുവതി ബോധരഹിതയായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു.
മറുനാടന് ഡെസ്ക്