കുവൈത്തിൽ മുൻസിപ്പാലിറ്റിക്ക് പുറമേ വിവിധ മന്ത്രാലയങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ നീക്കം. വിദേശികളായ ജീവനക്കാരുടെ കണക്കെടുക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് മന്ത്രിസഭ നിർദ്ദേശം നല്കി.

ആദ്യഘട്ടത്തിൽ അഡ്‌മിനിസ്‌ട്രെറ്റീവ് ഡാറ്റ എൻട്രി തലങ്ങളിൽ സ്വദേശികളെ കൂടുതലായി നിയമിക്കാനാണ് സർക്കാർ തീരുമാനം . ഇതിന്റെ മുന്നോടിയായി വിദേശ ജീവനക്കാരുടെ എണ്ണവും തസ്തികയും സംബന്ധിച്ച കണക്കെടുത്ത് സിവിൽ സർവീസ് കമ്മീഷന് കൈമാറാൻ ആഭ്യന്തരം , വിദ്യാഭ്യാസം, മതകാര്യം എന്നീ മന്ത്രാലയങ്ങളോട് കാബിനറ്റ് ആവശ്യപ്പെട്ടു. സ്ഥലം മാറ്റത്തിലൂടെ മന്ത്രാലയ ജോലിയിൽ എത്തിയ വിദേശികളെ ഒഴിവാക്കി സ്വദേശി യുവാക്കളെ നിയമിക്കുന്നതിനാണ് അധികൃതർ ഊന്നൽ നല്കുന്നത് .

വിവിധ വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 22 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത് . ഇതിൽ അഞ്ചര ലക്ഷം തസ്തികകളും സർക്കാർ മേഖലയിലാണ് . ഇത് പരമാവധി പ്രയോജനപ്പെടുത്തി സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പുതിയ നീക്കങ്ങളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.