ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം (കെയുഡബ്ല്യൂജെ)ക്ക് 2012ൽ കേരള സർക്കാർ അനുവദിച്ച ഫണ്ടിൽ അവശേഷിക്കുന്ന തുക ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്നു മുൻ സംസ്ഥാന ധനകാര്യ സെക്രട്ടറിയും പിഎഫ് കമ്മിഷണറുമായ വി.പി.ജോയ്. വി.പി.ജോയ് ധനകാര്യ സെക്രട്ടറിയായിരിക്കെയാണ് കെയുഡബ്ല്യൂജെയ്ക്ക് തുക അനുവദിച്ചത്. ഡൽഹി കേരള ക്ലബിൽ കെയുഡബ്ല്യുജെ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് വി.പി.ജോയ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിൽ പ്രസ് ക്ലബ് സ്ഥാപിക്കാനായി കെയുഡബ്ല്യൂജെ സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്നും പ്രസ് ക്ലബ് സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്രകാലം തുക എന്തു ചെയ്തുവെന്നു വിശദമാക്കി സംസ്ഥാന സർക്കാരിനു കണക്കു സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സർക്കാർ വ്യവസ്ഥയനുസരിച്ചു ഫണ്ട് അനുവദിച്ചാൽ പരമാവധി മൂന്നു വർഷത്തിനകം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വൈകിയതിന്റെ കാരണങ്ങൾ വിശദീകരിച്ചു തുക ഇനി വിനിയോഗിക്കാൻ അപേക്ഷ നൽകി അനുമതി ലഭിച്ച ശേഷമേ തുക ഉപയോഗിക്കാൻ അനുവദിക്കുകയുള്ളു.

സംസ്ഥാന ധനമന്ത്രാലയം തുക ചെലവിടുന്നതു സംബന്ധിച്ചു മേൽനോട്ടം വഹിക്കേണ്ടതായിരുന്നു. തുക ബാങ്കിൽ നിക്ഷേപിച്ചു പലിശ ചെലവിടുന്നതിനും സംസ്ഥാന സർക്കാരിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്ന് വി.പി.ജോയി വ്യക്തമാക്കി. ഇത്രകാലം കൊണ്ട് എത്ര പലിശ ലഭിച്ചുവെന്നും സർക്കാരിനു കണക്കു നൽകേണ്ടതുണ്ട്. സർക്കാർ അനുമതി ലഭിച്ച ശേഷമേ തുക വിനിയോഗിക്കാൻ പാടുള്ളുവെന്നാണു ചട്ടം.
ഡൽഹിയിൽ പ്രസ് ക്ലബ് സ്ഥാപിക്കാൻ അനുവദിച്ച തുക കെയുഡബ്ല്യൂജെ ഭാരവാഹികൾ തിരിമറി കാട്ടി ചെലവഴിച്ചത് വൻവിവാദം സൃഷ്ടിച്ചിരുന്നു. കെയുഡബ്ല്യൂജെയിലെ ഒരു വിഭാഗം ഇതിനെതിരെ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.

ഡൽഹി ഘടകത്തിൽ നിന്ന് 19 പേർ ഒപ്പിട്ട നിവേദനത്തിന്റെയും മലപ്പുറം സംസ്ഥാന സമ്മേളനത്തിലുണ്ടായ ഒച്ചപ്പാടിന്റെയും പശ്ചാത്തലത്തിൽ ഡൽഹി ഘടകത്തിലെ അഴിമതി അന്വേഷിക്കാൻ കെയുഡബ്ല്യൂജെ സംസ്ഥാന ഘടകം മൂന്നു മുൻ സംസ്ഥാന അധ്യക്ഷരുടെ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒന്നര മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്കു നൽകിയിട്ടുള്ള നിർദ്ദേശം. ഫെബ്രുവരിയിൽ ചേരുന്ന കെയുഡബ്ല്യൂജെ സംസ്ഥാന സമിതിയിൽ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചു തുടർ നടപടികൾ സ്വീകരിക്കും.