ന്യൂഡൽഹി: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരിപ്പോര് അതിരൂക്ഷമാകുന്നു. നേതൃത്വത്തിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചവർ ആവശ്യപ്പെട്ട സാമാന്യ രേഖകൾ പോലും പരിശോധിക്കാൻ നൽകുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നേതൃത്വത്തിന് വീണ്ടും അംഗത്വത്തിന്റെ കത്ത്. കണി കാണാനില്ല കണക്ക് എന്ന സബ്ജക്ട് ലൈനിൽ ദീപികയിലെ സെബി മാത്യുവാണ് കത്തയച്ചത്. സമാനമായ കത്ത് നേരത്തേയും സംഘടനയിലെ പത്തോളം അംഗങ്ങൾ നേതൃത്വത്തിന് അയച്ചിരുന്നു.

സനൽ ഫിലപ്പിന്റെ കുടുംബത്തിന് നൽകിയ സഹായധനവുമായുള്ള വിവാദങ്ങൾ പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തെ പിടിച്ചുലയ്ക്കുകയാണ്. ഇത് വാർത്തയാക്കിയവർക്ക് യൂണിയൻ വക്കീൽ നോട്ടീസും നൽകി. ഇതിനിടെ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായ നാരായണൻ പ്രതിമാസം 10,000 എഴുതിയെടുക്കുന്നതും വിവാദമായിട്ടുണ്ട്. ഇത് മറുനാടൻ മലയാളി വാർത്തയാക്കുകയും ചെയ്തു. ഇത്തരം വാർത്തകൾ പുറത്തു വന്നതോടെയാണ് വക്കീൽ നോട്ടീസുമായി ഡൽഹി ഘടകം എത്തിയത്.

യൂണിയനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുമെന്ന് പത്രക്കുറിപ്പും ഇറങ്ങി. എന്നാൽ ജനറൽ സെക്രട്ടറി നാരായണൻ 10,000 രൂപ വാങ്ങുന്നതിനെ കുറിച്ച് പ്രതികരണമൊന്നുമില്ല. ഇത് വലിയ ചർച്ചയാകുന്നതിനിടെയാണ് ഡൽഹി വിഷയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.

യൂണിയനിലെ മുതിർന്ന അംഗം ഇന്നലെ അയച്ച കത്തിന്റെ പൂർണ്ണ രൂപം

കണി കാണാനില്ല കണക്ക്

ശ്രീ. ബോബി ഏബ്രഹാം,
ശ്രീ. കെ. പ്രേംനാഥ്,
ശ്രീ. പി.എ അബ്ദുൽ ഗഫൂർ.

മാന്യരേ,
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ കുഴപ്പങ്ങൾ അന്വേഷിക്കാൻ വന്നപ്പോൾ നമ്മൾ കണ്ടിരുന്നു. ഇവിടത്തെ ഭാരവാഹികൾ യൂണിയന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റും സർക്കാർ ഫണ്ട് അനുവദിച്ച് ഇറക്കിയ ഉത്തരവും കണക്കുകളും രഹസ്യരേഖയാക്കി വെച്ചിരിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അതിന്റെ പകർപ്പ് കിട്ടാൻ ഏതൊരു അംഗത്തിനും അവകാശമുണ്ട്, ചോദിച്ചു നോക്കിയിട്ട് കിട്ടിയില്ലെങ്കിൽ വിവരം പറയുക എന്നിങ്ങനെ നിങ്ങൾ ഉറപ്പു നൽകി. ചില മുതിർന്ന അംഗങ്ങൾക്കും ഈ ഉറപ്പ് നൽകിയതാണല്ലോ.

തൊട്ടുപിന്നാലെ ഇവിടത്തെ പ്രസിഡന്റ് ശ്രീ. തോമസ് ഡൊമിനിക്കിന് ആവശ്യം എഴുതിക്കൊടുത്തു. അതൊന്നും തരാൻ പറ്റില്ലെന്നാണ് സെക്രട്ടറി പി.കെ മണികണ്ഠൻ ഫോണിൽ വിളിച്ച് അറിയിച്ചത്. പറയുന്ന സ്ഥലത്തും സമയത്തും ചെന്നാൽ കാണിച്ചു തരാം, കോപ്പി തരാൻ പറ്റില്ലെന്നാണ് നിലപാട്. എഴുതി തന്ന ആവശ്യം നിരസിക്കുന്ന സ്ഥിതിക്ക് അതും എഴുതി അറിയിക്കണമെന്ന് ഞാൻ തോമസ് ഡൊമിനിക്കിനെ വിളിച്ച് ആവശ്യപ്പെട്ടു. ദിവസങ്ങൾ പലതു കഴിഞ്ഞതല്ലാതെ, അതുമില്ല.

നിങ്ങൾ പറഞ്ഞിട്ടു പോലും കണക്കും രേഖകളും മറച്ചു പിടിക്കുന്നത് നിഗൂഢത വർധിപ്പിക്കുന്നു. 90 അംഗങ്ങൾ മാത്രമുള്ള ഡൽഹി ഘടകത്തിൽ ഇത്തരത്തിലൊരു ദുരൂഹത കൊണ്ടുനടക്കുന്നത് എന്തിനാണ് ചുരുക്കം ചിലരുടെ കോക്കസ് ഭരണമാണ് ഇവിടെ നടക്കുന്നതെന്ന കാഴ്ചപ്പാട് ശക്തമാക്കുന്നതാണ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ നിലപാട്. സർക്കാർ ഫണ്ടിന്റെ വിനിയോഗം എങ്ങനെ നടന്നുവെന്ന് പരസ്യപ്പെടുത്തുന്നതിൽ എന്താണിത്ര എതിർപ്പ്

നമ്മെ വേർപിരിഞ്ഞു പോയ സനൽ ഫിലിപ്പിന്റെ കുടുംബത്തിന് അംഗങ്ങൾ നൽകിയ പണം ബാങ്കിലടക്കാതെ തിരിമറി ചെയ്തുവെന്ന ആക്ഷേപവും അതിന്മേലുള്ള വക്കീല് നോട്ടീസും നിലനിൽക്കുന്നു. മെമ്പർഷിപ്പ് ഫീസ് പിരിച്ചിട്ട് അതും ബാങ്കിൽ അടച്ചില്ലെന്നാണ് അറിയുന്നത്. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയും പലിശയും വകമാറ്റി ചെലവാക്കിയെന്നും തിരിമറി നടത്തിയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനിടയിൽ കാര്യങ്ങൾ ബോധ്യപ്പെടുന്നതിനാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെയും മറ്റും പകർപ്പ് ചോദിച്ചത്. അംഗത്തിന് അത് കിട്ടാൻ അവകാശമില്ലെന്നു വന്നാൽ ഇവരെയൊക്കെ ആരാണ് വിശ്വസിക്കുക ചുരുങ്ങിയ സമയം കൊണ്ട് കണക്കുകൾ ഒത്തുനോക്കാൻ കഴിയില്ല എന്നറിയാമല്ലോ. നിങ്ങളൊക്കെ നയിക്കുന്ന കേരളത്തിലെ ജില്ലാ കമ്മിറ്റികൾ ഇങ്ങനെയാണോ പ്രവർത്തിക്കുന്നത്. ഇതു യൂണിയൻ പ്രവർത്തനമാണോ, ദുഃഖം തോന്നുന്നു.

നിങ്ങൾ ഉറപ്പു തന്നതു കൊണ്ടാണ് പകർപ്പുകൾ ചോദിച്ചത്. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തു പറയാനുണ്ട് എന്ന് അറിയിച്ചാൽ കൊള്ളാം. ഇവിടത്തെ അംഗങ്ങൾ അറിയേണ്ട കാര്യമായതു കൊണ്ട് നിങ്ങൾക്കുള്ള ഈ കത്ത് യൂണിയൻ അംഗങ്ങൾക്ക് കൂടി കൊടുക്കുന്നു.

സെബി മാത്യു
25 ജനുവരി 2018

--
SEBI MATHEW
DEEPIKA
DELHI

രണ്ട് ദിവസം മുമ്പ് അംഗങ്ങൾ അയച്ച മറ്റൊരു കത്ത്

ബഹുമാനപ്പെട്ട പ്രസിഡന്റ്,

സനൽ ഫിലിപ്പ് കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിനെതിരെ വക്കീൽ നോട്ടീസ് അയച്ചത് സ്വാഗതാർഹമാണ്. നമ്മുടെ യൂണിയനെ കരിവാരിത്തേക്കാൻ അനുവദിച്ചു കൂടാ. വക്കീൽ നോട്ടീസിന്റെ ഉള്ളടക്കത്തിന് സാമൂഹിക മാധ്യമങ്ങളിൽ കഴിയുന്നത്ര പ്രചാരണം നൽകാനും സാധിച്ചു. വക്കീൽ നോട്ടീസിൽ കാര്യങ്ങൾ ഒതുക്കില്ലെന്നും, മതിയായ രേഖകളോടെ കോടതിയെ സമീപിക്കുമെന്നും പ്രതീക്ഷിക്കാമല്ലോ. പണപ്പിരിവിന്റെ രസീത്, പണം ബാങ്കിലടച്ചതിന്റെയും കൈമാറിയതിന്റെയും വിശദാംശങ്ങളുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവ ഉണ്ടെങ്കിൽ വലിയ തെളിവുകളായിരിക്കും.

തുടർനടപടികൾ സ്വീകരിക്കുമ്പോൾ വക്കീൽ നോട്ടീസിലുള്ള വസ്തുതാപരമായ തെറ്റുകൾ തിരുത്താൻ ശ്രദ്ധിക്കണം. ധനസമാഹരണം ആറ് മാസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും ഓരോ മാസവും ലഭിച്ച തുകയെത്രയെന്നതിന് വ്യക്തമായ രേഖകളുണ്ടെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞത് ശരിയല്ല. സനൽ ഫിലിപ്പിന്റെ വേർപാടിനു ശേഷം 2016 ജൂലൈ മൂന്നിനാണ് ധനസമാഹരണ തീരുമാനം യൂണിയൻ അംഗങ്ങളെ ഭാരവാഹികൾ അറിയിച്ചത്. ജൂലൈ 20 നോടകം നല്ലൊരു തുക സമാഹരിച്ചു കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ 2017 മെയ് മാസത്തിലാണ് കുടുംബത്തിന് സഹായധനം കൈമാറിയത്. ഫലത്തിൽ 10 മാസം നീണ്ട ധനസമാഹരണമാണ് നടത്തിയത്. 70,000ൽപരം രൂപ അംഗങ്ങളിൽ നിന്ന് പിരിഞ്ഞു കിട്ടുകയും ചെയ്തു.

സൽക്കർമത്തിനു വേണ്ടിയാണ് യൂണിയൻ പണം പിരിച്ചത്. സൽക്കർമം മുൻനിർത്തിയാണ് അംഗങ്ങൾ പണം തരുന്നത്. അപ്പോൾ സുതാര്യമായി പെരുമാറാനുള്ള ഉത്തരവാദിത്തം ഭാരവാഹികൾക്കുണ്ട്. അതില്ലാതെ പോയതാണ് കോടതിയും കേസും വാർത്തയുമൊക്കെയായി തീരാൻ ഇടവരുന്നതെന്ന് പറയാതെ വയ്യ. മേൽപറഞ്ഞ 10 മാസ കാലയളവിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ നിന്ന് സനൽഫിലിപ്പ് ഫണ്ടിനു പുറമെ, 2017 ജനുവരി മുതൽ അംഗത്വ ഫീസും ഭാരവാഹികൾ പിരിച്ചിട്ടുണ്ട്. ജനറൽ ബോഡിയിൽ വെച്ച കണക്കു പ്രകാരം സനൽഫിലിപ്പിന്റെ കുടുംബത്തിനു കൊടുക്കാൻ എല്ലാ യൂണിയൻ അംഗങ്ങളും കൂടി നൽകിയത് 70,850 രൂപയാണ്. മെമ്പർഷിപ് ഫീസായി 66,600 രൂപയും പിരിഞ്ഞു കിട്ടി. ആകെ 1,37,450 രൂപ.

യൂണിയന് ബാങ്ക് അക്കൗണ്ട് ഉള്ളപ്പോൾ പിരിഞ്ഞു കിട്ടുന്ന തുക അതിലേക്ക് ഇടണം. മടിശീലയിൽ കൊണ്ടുനടക്കാനോ, തരംപോലെ അതിൽ നിന്നെടുക്കാനോ പാടില്ല. മാത്രവുമല്ല, സനൽ ഫിലിപ്പിന്റെ കുടുംബത്തിനും യൂണിയൻ സംസ്ഥാന കമ്മിറ്റിക്ക് മെമ്പർഷിപ് ഫീസായും ഫണ്ട് കൊടുത്തത് ബാങ്ക് മുഖേനയാണ്. ഫണ്ട് സമാഹരണം നടന്ന 10 മാസത്തെ കാലയളവിനിടയിൽ പിരിഞ്ഞു കിട്ടിയ തുകയിൽ പകുതിയെങ്കിലും ബാങ്കിൽ ഇട്ടിട്ടുണ്ടോ ഇല്ലെന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. സനൽഫിലിപ് ഫണ്ടിനും മുമ്പേ, മെമ്പർഷിപ്പ് ഫീസിനത്തിൽ സംസ്ഥാന കമ്മിറ്റിക്കുള്ള തുകയാണ് ആദ്യം കൊടുത്തു തീർത്തത്. പിരിഞ്ഞുകിട്ടിയതിൽ സനൽഫിലിപ്പ് ഫണ്ട് ബാങ്കിൽ ഇട്ടില്ലെന്നാണ് ഓൺലൈൻ വാർത്തയിൽ പറയുന്നത്. അതിനു പുറമെ, അംഗത്വ ഫീസും ബാങ്കിൽ അടച്ചില്ലേ കണക്കും ബാങ്ക് അക്കൗണ്ടും വ്യക്തമായി പരിശോധിക്കണം. ഉറപ്പു വരുത്തണം. മേൽപറഞ്ഞ തുക മെമ്പർഷിപ് ഫണ്ടും, സഹായഫണ്ടും കൂടിക്കലർത്തിയതാണോ എന്നും പരിശോധിക്കണം. എന്നിട്ടു വേണം കോടതിയിലേക്ക് നീങ്ങാൻ.

സമാഹരിച്ച തുകയിൽ 45,000 രൂപയിലേറെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്, അവശേഷിക്കുന്ന 25,000 രൂപ വരവ് ചെലവ് കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. പ്രത്യേക സഹായ നിധിയായി പിരിഞ്ഞു കിട്ടുന്ന പണം ബാങ്കിൽ ഇടാതെ മാസങ്ങളോളം മടിശീലയിൽ കൊണ്ടുനടക്കാനോ മറ്റാവശ്യങ്ങൾക്ക് ചെലവാക്കാനോ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യുന്നതിനെ സാമ്പത്തിക തിരിമറി, വകമാറ്റി ചെലവാക്കൽ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വാർത്ത എഴുതുന്നവരാണ് നമ്മൾ. കൈയിട്ടുവാരിയെന്നും മറ്റുമുള്ള ആക്ഷേപം നേരിടേണ്ടത് ഭാരവാഹികളാണെങ്കിലും, യൂണിയൻ അംഗങ്ങൾ എന്ന നിലയിൽ മറ്റുള്ളവർക്കു കൂടി നാണക്കേട് ഉണ്ടാക്കരുത്. പഴുതടച്ചു വേണം കോടതിയിലേക്ക് നീങ്ങാൻ. പിഴവുകൾ വന്നിട്ടുണ്ടെങ്കിൽ അത് വ്യക്തികൾ വരുത്തിയതാണ്. ഉത്തരവാദിത്തം നിർണയിക്കപ്പെടണം. സർക്കാർ ഫണ്ടിൽ നിന്ന് കോടതിച്ചെലവ് എടുക്കാൻ പാടില്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്ന്,
എ.എസ്. സുരേഷ്‌കുമാർ, സെബി മാത്യു, സന്തോഷ് സർലിങ്, പി.ബി അനൂപ്, ടി.എം. ഷൈൻ, പി.ജി. ഉണ്ണികൃഷ്ണൻ, ജിജി ലൂക്കോസ്, കെ.എ. സലിം, ഡൊമിനിക് ഫെർണാണ്ടസ്, ബൽറാം നെടുങ്ങാടി.