ന്യൂഡൽഹി: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരി തിരിവിന് പുതിയ മാനം നൽകി ജാതീയ അധിക്ഷേപത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. വംശീയപരമായ കളിയാക്കലുകളിൽ മടുത്ത് മനോരമയുടെ ഡൽഹി ലേഖകൻ വിവി ബിനു യൂണിയനിൽ നിന്ന് രാജിവച്ചിരുന്നു. ബിനുവിനെ പോലെ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം ഉയർത്തുന്ന മറ്റ് മാധ്യമ പ്രവർത്തകരേയും കളിയാക്കിയെന്ന് വ്യക്തമാക്കുന്ന വാട്സ് ആപ്പ് ഇമേജുകൾ മറുനാടന് ലഭിച്ചു. മാതൃഭൂമിയിലേയും ദേശാഭിമാനിയിലേയും പ്രധാനികളാണ് കളിയാക്കലിന് പിന്നിൽ. അതിനിടെ കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിന്റെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ബഹിഷ്‌കരിക്കാൻ ഒരു വിഭാഗം തീരുമാനിച്ചു. ഇവർ സംഘടനയിൽ നിന്ന് രാജിവയ്ക്കില്ല. എന്നാൽ ജാതീയ അധിക്ഷേപത്തിനെതിരെ കെയുഡബ്ല്യൂജെ നേതൃത്വത്തിന് പരാതി നൽകും. നിയമ നടപടികളും ആലോചിക്കും.

കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിന്റെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് വംശീയ അധിക്ഷേപമെത്തുന്നത്. ചോദ്യം ചോദിക്കുന്നവരെ ജാതി പറഞ്ഞ് കളിയാക്കുന്നത് പതിവാണ്. വിവി ബിനുവിന്റെ ചോദ്യങ്ങളോട് ഗുരുവേ നമ: എന്ന പ്രതികരണം ചിലർ നടത്തിയത് മറുനാടൻ വാർത്ത കൊടുത്തിരുന്നു. ഇതിനെ പ്രതിരോധിക്കാൻ നേതൃത്വം വിശദീകരണങ്ങളുമായി രംഗത്ത് വന്നിരുന്നു. ബിനു മുതിർന്ന ജേർണലിസ്റ്റാണെന്നും അതുകൊണ്ട് തന്നെ ഗുരുസ്ഥാനിയനാണെന്നുമായിരുന്നു വിശദീകരണം. അതുകൊണ്ടാണ് ഗുരുവേ നമ: എന്ന് കുറിച്ചത്. അല്ലാതെ അത് ശ്രീനാരായണ ഗുരുവിനെ കളിയാക്കാനല്ലെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് ചോദ്യമുയർത്തുന്ന മുസ്ലിം മാധ്യമ പ്രവർത്തകരേയും ക്രൈസ്തവരേയും എല്ലാം കളിയാക്കുന്ന പരാമർശങ്ങൾ ഗ്രൂപ്പിൽ സജീവമാണെന്ന തെളിവുകൾ പുറത്തുവന്നത്.

ഇതിൽ പ്രതിഷേധിച്ച് മനോരമ ലേഖകൻ ബിനു രാജിവച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ അഴിമതിക്കെതിരെ ശബ്ദമുർത്തിയവർ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഈ യോഗത്തിലാണ് പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. വംശീയ അധിക്ഷേപത്തിൽ സംഘടനയുടെ മേൽഘടകത്തിന് പരാതിയും നൽകും. ഇതിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ മറ്റ് നിയമപോരാട്ടവും നടക്കും. മാർപ്പാപ്പയെ പോലും കളിയാക്കുന്ന തരത്തിലാണ് പ്രചരണങ്ങൾ. ഗുരുശരണം നാഥാ നിൻ തിരുവടി ശരണം.. തുടങ്ങിയ കവിതാ ഭാഗങ്ങളും കളിയാക്കലിന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ബിനുവിനെ ഗുരുവായി കണ്ടാണ് കളിയാക്കൽ എന്ന വാദം ശരിയുമല്ലെന്ന് ഈ യോഗം വിലയിരുത്തി. മുസ്ലിംമാധ്യമ പ്രവർത്തകരെ കളിയാക്കുന്നതും പതിവ് രീതിയാണ്.

ഡൽഹി ഘടകത്തിലെ നിലവിലെ നേതാക്കളെല്ലാം ഇടത് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. തീവ്ര ചിന്താഗതിക്കാരായി ടിപി ചന്ദ്രശേഖരന്റെ അടുത്ത അനുയായി ആയവരും ഉണ്ട്. ഡൽഹിയിൽ ആർഎംപിയുടെ മുഖ്യ സംഘാടകരും സിപിഎമ്മുകാരും ഒരുമിച്ചാണ് ജാതി പറഞ്ഞ് അഴിമതിക്കെതിരെ പോരാടുന്നവരെ കളിയാക്കുന്നതെന്നതാണ് ഏറ്റവും പരിതാപകരം. കണക്ക് കാണിക്കാൻ താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം. സ്വന്തം പാനലിലുള്ളവരെ ജയിപ്പിക്കാൻ വേണ്ടി വിമാനത്തിൽ പോലും ഡൽഹിയിലേക്ക് ആളെ ഇറക്കി. അഴിമതിക്കാർക്കല്ലേ ഇത്തരത്തിൽ കാശിറക്കി വോട്ട് നേടാനാകൂവെന്നതാണ് ഡൽഹിയിലെ പത്രക്കാരിൽ ഒരു വിഭാഗത്തിന്റെ ചോദ്യം. ജനാധിപത്യം പൂർണ്ണമായും ഇവിടെ അട്ടിമറിക്കപ്പെട്ടുവെന്ന് അവർ പറയുന്നു.

ബിനുവിനെ കൊണ്ട് രാജിപിൻവലിക്കാനും ഒരു വിഭാഗം ശ്രമിച്ചു. എന്നാൽ സംഘടനയ്ക്ക് പുറത്തു നിന്ന് പോരാട്ടം നയിക്കാനാണ് ബിനുവിന്റെ തീരുമാനം. മറ്റുള്ളവർ കെയുഡബ്ല്യൂജെയിൽ നിന്ന് രാജിവയ്ക്കില്ല. ജാതീയ വിമർശനത്തിന് ഇരയാകേണ്ടി വന്നവർ പ്രശ്‌നം പരാതിയായി തന്നെ സംഘടനയിൽ ഉന്നയിക്കും. സംസ്ഥാന സമ്മേളനത്തിലും ഉയർത്തും. അങ്ങനെ ഡൽഹി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനാണ് തീരുമാനം. എന്നാൽ മേൽഘടകവും ഒത്തുകളിക്കാർക്കൊപ്പമാണെങ്കിൽ നിയമ പോരാട്ടത്തിന്റെ വഴിയും തേടാനാണ് ഇന്നലെ ചേർന്ന വിമതരുടെ യോഗം തീരുമാനിച്ചത്. ഡൽഹിയിലെ പത്രപ്രവർത്തക യുണിയൻ ഘടകത്തിനെതിരെ നിരവധി ആരോപണം ഉയർന്നിരുന്നു. ഫണ്ട് വെട്ടിപ്പ് അടക്കമുള്ളവ ഇതിൽ ഉൾപ്പെട്ടു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നത്. ഇതിൽ അഴിമതിക്കാരെ അനുകൂലിക്കുന്നവർ തന്നെ ജയിച്ചു വന്നുവെന്നാണ് ആക്ഷേപം. പത്രപ്രവർത്തകരായി ജോലി എടുക്കാത്തവരെ കൊണ്ട് പോലും വോട്ട് ചെയ്യിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫിലേക്ക് പോയ മുൻ പത്രക്കാർ വരെ വിമാനത്തിലെത്തി വോട്ട് ചെയ്തു. ഈ വിവാദങ്ങൾക്കിടെ കേരളാ പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിന് തെരഞ്ഞെടുപ്പിനെതിരെ പരാതിയും നൽകി. ഇതോടെ എതിർപ്പ് രൂക്ഷമായി. വിവി ബിനുവായിരുന്നു അഴിമതിക്കെതിരെ പോരാട്ടം നടത്തിയവരിൽ പ്രധാനി. അതുകൊണ്ട് തന്നെ ബിനുവിനെ ഡൽഹിയിലെ പ്രമുഖർ കളിയാക്കൽ തുടങ്ങി. ഇതാണ് വാട്സ് ആപ്പ് ഗ്രൂപ്പിലും പ്രതിഫലിച്ചത്. ഗ്രൂപ്പിൽ വിനു ഇടുന്ന അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് ഗുരുവേ നമ: എന്ന് മറുപടി നൽകിയാണ് കളിയാക്കൽ.

മാതൃഭൂമിയുടെ ലേഖകനും യൂണിൻ ഭാരവാഹിയുമായ മണികണ്ഠൻ നടത്തുന്നുവെന്നാണ് പരാതി. ഇത് ആരോപിച്ചാണ് ബിനു രാജി വച്ചത്. ഇതിന് പിന്നാലെയാണ് വംശീയ അധിക്ഷേപത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നത്.