തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ കുഗ്രാമമേതെന്നു ചോദിച്ചാൽ ചിലരെങ്കിലും പറയും സഹ്യപർവതനിരകളിലുള്ള മാങ്കുളമെന്ന്. ആരും പോകാനും വരാനും ആഗ്രഹിക്കാത്ത സ്ഥലം ഏതെന്നു ചോദിച്ചാൽ കുട്ടികൾ പോലും പറയും, മാങ്കുളം. ദുരിതപൂർണമായ സ്ഥലം. പ്രകൃതിരമണീയമെന്നു തോന്നുമെങ്കിലും ഒന്നെത്തിച്ചേരാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും സാധിക്കാത്ത സ്ഥലം. അടുത്തകാലത്താണ് വഴിയും വാഹനവുമൊക്കെയായത്. ഒന്നു കാറ്റടിച്ചാൽ ഫോണിന്റെ റെയ്ഞ്ച് നഷ്ടപ്പെടുന്ന അവസ്ഥ. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലുള്ള മലമ്പ്രദേശം. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാർവ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല ....മൊത്തം കുന്നുകളും മലകളും, ഭൂവിസ്തൃതിയുടെ 25 ശതമാനം വനവും.

മാങ്കുളത്തിനു പുതിയൊരു സവിശേഷത കൂടിയുണ്ട്, പത്രപ്രവർത്തകരോടു പക തീർക്കാൻ കൊണ്ടിടാൻ പറ്റിയ സ്ഥലം. വേജ്‌ബോർഡ് ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിനു മാതൃഭൂമിയിലെ സീനിയർ സ്റ്റാഫ് റിപ്പോർട്ടർ പി സുരേഷ് ബാബുവിനെ സ്ഥലം മാറ്റിയത് ഓണം കേറാമൂലയായ മാങ്കുളത്തേക്കാണ്. മറ്റു മാദ്ധ്യമങ്ങൾക്ക് ഉദാത്തമാതൃക കാട്ടിക്കൊടുത്തിരിക്കുകയാണ് മാതൃഭൂമി. പത്രപ്രവർത്തകരുണ്ടാവേണ്ടതു വാർത്താകേന്ദ്രങ്ങളിലാണ്. മനുഷ്യരുള്ളിടത്താണു കൂടുതലായും വാർത്തകളുള്ളത്. മെട്രോ നഗരങ്ങളിൽ, ജില്ലാ കേന്ദ്രങ്ങളിൽ, താലൂക്കുകേന്ദ്രങ്ങളിൽ....പോട്ടെ, ശബരിമലയിൽ കൊണ്ടിട്ടാലും ന്യായീകരിക്കാം, വർഷത്തിൽ ഒരുമാസമെങ്കിലും ലക്ഷങ്ങൾ കൂടുന്ന പുണ്യസ്ഥലമാണല്ലോ.

പത്രപ്രവർത്തകർക്ക് അർഹമായ ആനുകൂല്യം നേടിയെടുക്കാൻ സമരം ചെയ്തുവെന്ന കാരണത്താൽ പി. സുരേഷ്ബാബുവിനെ മാങ്കുളത്തേക്കാണ് കയറ്റിവിട്ടത്. പാലക്കാടുകാരനായ സുരേഷ് ബാബു വീടുമായിട്ടുപോലും ബന്ധപ്പെടരുതെന്നു കമ്പനിക്കു നിർബന്ധമുണ്ടായിരുന്നു. ഇടുക്കി ജില്ലയിലെ പ്രധാന ബ്യൂറോയായ തൊടുപുഴയിൽനിന്നും ബ്യൂറോചീഫ് അവധിയെടുക്കുമ്പോൾ പകരക്കാരനായി ആഴ്ചയിൽ ഒന്നു വന്ന് അവിടത്തെ ജോലി ചെയ്ത് ആൾക്കൂട്ടം കണ്ട് ആശ്വാസം കൊണ്ടിരുന്ന സുരേഷ് ബാബുവിനെ പിന്നീട് അതിൽനിന്നുപോലും വിലക്കി.

ഇപ്പോൾ പത്രപ്രവർത്തകയൂണിയൻ സംസ്ഥാന സമിതിയിലേക്കു മത്സരിക്കുകയാണു പി സുരേഷ് ബാബു. നാളെയാണു വോട്ടെടുപ്പ്്. പത്രപ്രവർത്തകയൂണിയൻ തെരഞ്ഞെടുപ്പു വരുമ്പോൾ കളം നിറഞ്ഞു കളിക്കുന്ന മാതൃഭൂമി പത്രപ്രവർത്തകർ (രണ്ടു പേരൊഴികെ) ഇക്കുറി മത്സരിക്കാനുമില്ല, വോട്ടു ചെയ്യാൻ പോലുമില്ല. ഏതെങ്കിലും ആദർശത്തിന്റെ പേരിലാണെന്നു ധരിക്കരുത്. പത്രമുതലാളിയെ ഭയന്നാണ് ഇക്കുറി വോട്ടു പോലും ചെയ്യേണ്ടതില്ലെന്നു മാതൃഭൂമി സെൽ തീരുമാനിച്ചിരിക്കുന്നതും എല്ലാ അംഗങ്ങൾക്കും ഇമെയിൽ നിർദ്ദേശം നല്കിയിരിക്കുന്നതും. മാനേജ്‌മെന്റിനെതിരേ നിലപാടെടുത്തതിനു മാതൃഭൂമിയിൽനിന്നു പുറത്താക്കപ്പെട്ട പി നാരായണൻ പത്രപ്രവർത്തകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നുണ്ട്.

നാരായണനെ എങ്ങനെയും തോൽപിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് പത്രമുതലാളി. നാരായണൻ ജയിച്ചാലും തോറ്റാലും പത്രമുതലാളിയിൽനിന്നു പണികിട്ടുമെന്നുറപ്പുള്ളതു കൊണ്ടാണ് ഏറ്റവും സുരക്ഷിതം വോട്ടുചെയ്യാതിരിക്കുന്നതാണെന്നു മാതൃഭൂമി സെൽ തീരുമാനിച്ചിരിക്കുന്നത്. മാതൃഭൂമിയിൽ ഇതാണു സ്ഥിതിയെന്നിരിക്കെയാണു പുലിമടയിലിരുന്നു കൊണ്ട് പി സുരേഷ് ബാബുവും ഫോട്ടോഗ്രാഫർ മനോജും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇനിയെന്താണോ സുരേഷ് ബാബുവിനെയും മനോജിനെയും കാത്തിരിക്കുന്നതെന്നു മാത്രം നോക്കിയാൽ മതി. ഒത്താൽ അഗർത്തലയിൽ കാണാമെന്നു കരുതുന്നുണ്ടാവും അവർ. എന്തു സംഭവിച്ചാലും എല്ലാം സഹിക്കാൻ തയാറാണത്രേ.

ഏകദേശം 415 വോട്ടുകൾ മാതൃഭൂമിക്കുണ്ടെങ്കിലും ആരും വോട്ടു ചെയ്യാതിരിക്കാനുള്ള നീക്കം നടത്തിക്കഴിഞ്ഞു. എല്ലായിടത്തും ചാരന്മാരുണ്ട്, വോട്ടു ചെയ്താൽ പത്രമുതലാളിക്കു കൊളുത്തിക്കൊടുക്കാൻ(സ്വന്തം കാര്യസാധ്യത്തിനും പത്രമുതലാളിയുടെയടുത്തു മണിയടിക്കാനുമായി പാരപ്പണി ചെയ്യുന്നവർ ഏറ്റവും കൂടുതലുള്ള മേഖലയാണു മാദ്ധ്യമലോകം. പുറത്ത് ആദർശം പ്രസംഗിക്കുകയും ചെയ്യും). വേജ്‌ബോർഡ് ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിന് കോട്ടയത്തുനിന്ന് റാഞ്ചിയിലേക്ക് സ്ഥലംമാറ്റിയ സുദീപ് ടി. ജോർജാണ് ആദ്യം രാജി നൽകിയത്. ശമ്പളവർധന ആവശ്യപ്പെട്ടവരെയും പ്രതികാരനടപടികൾക്കെതിരെ പ്രതികരിച്ചവരെയും ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ പുതിയ ബ്യൂറോകൾ സ്ഥാപിച്ച് സ്ഥലംമാറ്റിയിരുന്നു.

ഡൽഹിയിൽ റിപ്പോർട്ടറായിരുന്ന ഡി ശ്രീജിത്തിനെ തൃശൂരിലേക്ക് മാറ്റി. തൃശൂരിലും ജോലിചെയ്യാൻ സമ്മതിക്കാതെ പിന്നീട് അഗർത്തലയിൽ പുതിയ ബ്യൂറോ ആരംഭിച്ച് അവിടേക്ക് മാറ്റി. അഗർത്തലയിൽ ഏതാനും ദിവസങ്ങൾ മാത്രം ജോലിചെയ്തശേഷം ശ്രീജിത്ത് രാജിവച്ച് മറ്റൊരു മാദ്ധ്യമസ്ഥാപനത്തിൽ ജോലിക്കുചേർന്നു. ഗുവാഹത്തിയിലേക്ക് സ്ഥലംമാറ്റിയ കെ ശ്രീജിത്ത് രാജിവച്ച് മാതൃഭൂമി മാനേജിങ് ഡയറക്ടറുടെ ദ്രോഹനടപടികൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടണമെന്ന താൽപ്പര്യത്തോടെ പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ എം പി വിരേന്ദ്രകുമാറിനെതിരേ മത്സരിച്ചു. തൃശൂർ യൂണിറ്റിൽനിന്ന് ഒരു പത്രപ്രവർത്തകയും മാതൃഭൂമിയിൽനിന്ന് രാജി സമർപ്പിച്ചിരുന്നു.