തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം മുനിസിഫ് കോടതിയാണ് ഹർജി സ്വീകരിച്ചത്.

ഭരണഘടന വിരുദ്ധമായും പ്രത്യേക താൽപര്യമനുസരിച്ചാണ് വരണാധികാരികൾ പ്രവർത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തെരഞ്ഞെടുപ്പിലെ 15-ാം നമ്പർ സ്ഥാനാർത്ഥിയിയിരുന്ന കൈരളി ടിവിയിലെ റിപ്പോർട്ടർ ലെസ്ലി ജോൺ ആണ് ഹർജിക്കാരൻ

വിജ്ഞാപനത്തിന് വിരുദ്ധമായും തെരഞ്ഞെടുപ്പ് രീതിയും വോട്ടെണ്ണലിലെ അശാസ്ത്രീയതയും നീതിരാഹിത്യവും പരാതിയിൽ ചൂണ്ടി ക്കാട്ടിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളായ യൂണിയൻ തെരഞ്ഞെടുപ്പിലെ സംസ്ഥാന വരണാധികാരി, ഉപ വരണാധികാരി, ജില്ലാ വരണാധികാരി എന്നിവർക്ക് നോട്ടിസ് അയക്കാൻ നിർദേശിച്ചു.

അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് കേസിൽ കക്ഷി ചേരാനും അവസരമുണ്ട്. കൗൺസിൽ തെരഞ്ഞെടുപ്പിലെ 15-ാം നമ്പർ സ്ഥാനാർത്ഥിയാണ് ഹർജിക്കാരൻ.

ഓഗസ്റ്റ് 22ന് ആണ് പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രസിഡന്റായി ചന്ദ്രിക കോഴിക്കോട് യൂണിറ്റിലെ കമാൽ വരദൂരും ജനറൽ സെക്രട്ടറിയായി സി നാരായണനുമാണ് വിജയിച്ചത്. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് 36 പേരെയാണ് തെരഞ്ഞെടുത്തത്. ഇതിൽ ആറി സ്ഥാനങ്ങൾ വനിതകൾക്കായി സംവരണം ചെയ്തിരുന്നു. ഇതേത്തുടർന്ന് തുച്ഛമായ വോട്ടു നേടിയ പലരും തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കപ്പെട്ടു. ഇതാണ് തർക്കങ്ങലേക്കു വഴിവച്ചതെന്നാണ് സൂചന.

കേരളത്തിലെ 14 ജില്ലകൾക്ക് പുറമേ ഡൽഹി, ചെന്നൈ, മുംബൈ, മിഡിൽ ഈസ്റ്റ് (ദുബൈ) എന്നീ യൂണിറ്റുകളിലും തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. മംഗളം ദിനപത്രത്തിലെ വിജയകുമാർ ആയിരുന്നു സംസ്ഥാന വരണാധികാരി. ഹിന്ദു ദിനപത്രത്തിലെ എ വിനോദ് ആയിരുന്നു ജില്ലാ വരണാധികാരി.