തൃശൂർ: വിവാദ ഫോട്ടോ എക്‌സിബിഷന്റെ പേരിൽ നടന്ന കലഹം കോടതി കയറി. പത്രപ്രവർത്തക യൂണിയൻ പ്രസ്സ് ക്ലബ്ബ് ഭാരവാഹി തിരഞ്ഞെടുപ്പ് തടസപ്പെട്ടു.

ജനുവരി 1,2,3 തിയ്യതികളിൽ നടന്ന ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ഫോട്ടോപ്രദർശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങളാണ് ഒടുവിൽ നിയമക്കുരുക്കിലേക്ക് നീങ്ങിയിരിക്കുന്നത്.

7 ഫോട്ടോഗ്രാഫർമാരെ അന്ന് 3 മാസത്തേക്കാണ് പത്രപ്രവർത്തക യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. എന്നാൽ സസ്‌പെൻഷൻ കാലയളവ് കഴിഞ്ഞിട്ടും ഇവരെ തിരിച്ചെടുക്കാൻ യൂണിയൻ ജില്ലാ-സംസ്ഥാന ഘടകങ്ങൾ തയ്യാറായിരുന്നില്ല. തനിക്ക് വോട്ടവകാശം വേണമെന്ന് ചൂണ്ടിക്കാട്ടി ജനയുഗം പത്രത്തിലെ ജി ബി കിരൺ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവായിരിക്കുന്നത്.

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞതിനാൽ തനിക്ക് വോട്ടവകാശം വേണമെന്നായിരുന്നു കിരണിന്റെ ആവശ്യം. ഇത് അംഗീകരിച്ച തൃശൂർ ജില്ലാകോടതി ഇയാളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടു മാത്രമേ പ്രസ്സ് ക്ലബ്ബ് തിരഞ്ഞെടുപ്പ് നടത്താവൂ എന്നാണ് ഉത്തരവിട്ടത്.

ഇതോടെ ഓഗസ്റ്റ് 18 ന് നടക്കേണ്ട പ്രസ്സ് ക്ലബ്ബ് തിരഞ്ഞെടുപ്പ് മാറ്റി വയേ്ക്കണ്ട അവസ്ഥയിലാണ് ഭാരവാഹികൾ. സംസ്ഥാന പ്രസിഡന്റിന്റെ ജില്ലയിൽ ഏകാധിപത്യ പ്രവണതയാണ് നിലനിൽക്കുന്നതെന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ഫോട്ടോഗ്രാഫർമാർ ആരോപിച്ചിരുന്നു. ജനുവരിയിൽ നടന്ന ഫോട്ടോപ്രദർശനമാണ് പ്രസ്സ് ക്ലബ്ബ് ഔദ്യോഗിക ഭാരവാഹികളെ ചൊടിപ്പിച്ചത്.

പത്രപ്രവർത്തക യൂണിയന്റെ പേരിലല്ലാതെ ഫോട്ടോ ജേണലിസ്റ്റുകളുടെ കൂട്ടായ്മയായണ് തൃശൂരിൽ ആറ് വർഷമായി ഫോട്ടോ എക്‌സിബിഷൻ നടത്തുന്നത്. ജില്ലയിലും പുറത്തുമുള്ള വ്യവസായികൾ പലരുമാണ് എക്‌സിബിഷന്റെ പ്രധാന സ്‌പോൺസർമാർ .ചില സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തവണ പ്രദർശനത്തിനെതിരെ രംഗത്ത് വരാൻ യൂണിയനെ പ്രേരിപ്പിച്ചത്. തൊട്ടടുത്ത എറണാകുളം ജില്ലയിൽ ഇത് പോലുള്ള കൂട്ടായ്മ തന്നെയാണ് വർഷം തോറും പ്രദർശനം നടത്താറുള്ളത്. അവിടെ പക്ഷേ യാതൊരു വിധ തടസപ്പെടുത്തലിനും യൂണിയൻ ഭാരവാഹികൾ ശ്രമിച്ചിരുന്നില്ലെന്നും ഇത് ഭാരവാഹികളുടെ ധാർഷ്ട്യമാണെന്നുമായിരുന്നു പ്രധാന ആരോപണം.

അതേസമയം പ്രമുഖ പ്രവാസി വ്യവസായി ടി കെ മേനോൻ പ്രദർശനത്തിന് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കലഹത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.പരിപാടിയുടെ ഫണ്ട് മുഴുവൻ കൈകാര്യം ചെയ്യുന്നത് ഫോട്ടോജേണലിസ്റ്റ് കൂട്ടായ്മ തന്നെയാണ്. ഇത് സമാന്തര പ്രവർത്തനമാണെന്നാണ് കേരള പത്രപ്രവർത്തക യൂണിയന്റെ ആക്ഷേപം.

എം വി സിനോജ് (മാതൃഭൂമി), ഉണ്ണി കോട്ടക്കൽ, ജിജോ (മനോരമ ), രഞ്ജിത് സാലി (മംഗളം), ഷാഫി എം ദേവസ്സി (കേരള കൗമുദി), ജി ബി കിരൺ (ജനയുഗം) എന്നിവരാണ് ഫോട്ടോ എക്‌സിബിഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സസ്‌പെഷനിലായത്. സംസ്ഥാന ഭാരവാഹികൾക്കുൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ജി ബി കിരൺ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രശ്‌നം ഇത്ര വഷളായിട്ടും മുതിർന്ന പത്രപ്രവർത്തകർ ആരും ഇടപെട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.